rincy

ജീവിതം പിച്ചിച്ചീന്തിയെറിഞ്ഞ പൈശാചിക ആക്രമണത്തിന് ഇന്നേക്ക് ഒൻപതാണ്ട്

പരിയാരം: ഇരുട്ടിന്റെ മറവിൽ നിന്ന് ചാടിയെത്തിയ ക്രിസ്മസ് പപ്പ തന്റെ മുഖത്തേക്ക് രണ്ടുതവണ എന്തോ ഒഴിച്ചത് മാത്രമാണ് റിൻസിയുടെ ഓർമ്മയിലുള്ളത്. വലതുകണ്ണ് ഉൾപ്പെടെ മുഖം ഉരുകിയൊലിച്ച് മാസങ്ങളോളം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞു. ബോധം വന്നപ്പോൾ കണ്ണും മൂക്കും വായുമില്ലാതെ വീർത്തുകെട്ടിയ പന്തുപോലെയായിരുന്നു തന്റെ മുഖമെന്ന് പരിയാരം ഏമ്പേറ്റിയെ റിൻസി റോബർട്ട്(38) പറയുന്നു. 2015 ഡിസംബർ 24 ന് പാതിരാകുർബാനക്ക് വീട്ടിൽ നിന്ന് പിതാവ് റോബർട്ടിനും മകൻ അഭിഷേകിനുമൊപ്പം പോകുന്നതിനിടെയാണ് സാന്താക്ലോസ് വേഷത്തിലെത്തിയ ജയിംസ്ആന്റണി എന്നയാൾ റിൻസിയുടെ മുഖത്തേക്ക് ആസിഡ് ഒഴിച്ചത്.

തന്റെ പ്രണയാഭ്യർത്ഥന നിഷേധിച്ച റിൻസിയോടുള്ള ജയിംസ് പ്രതികാരമായിരുന്നു അത്. ഒരു കണ്ണിന്റെ കാഴ്ച്ച പൂർണ്ണമായും നഷ്ടപ്പെട്ടു.മുഖത്തിന്റെ ഭംഗി പോയി മാനസിക വെല്ലുവിളി നേരിടുന്ന മകനും മകളുമായി ഭർതൃവീട്ടിൽ നിന്ന് പൊരുത്തപ്പെടാതെ പടിയിറങ്ങിയ റിൻസിയുടെ ജീവിതത്തിലെ രണ്ടാമത്തെ ദുരന്തമായിരുന്നു അന്നത്തേത്. പരിയാരം പഞ്ചായത്ത് നൽകിയ രണ്ടുമുറി വീട്ടിലാണ് റിൻസി കഴിയുന്നത്. അന്നത്തെ ആസിഡ് ആക്രമണത്തിൽ മാരകമായി പരിക്കേറ്റ മകൻ അഭിഷേകും മാതാപിതാക്കളും കൂടെയുണ്ട്. മകന്റെ ചികിത്സാചിലവിന് മാത്രം മാസം 12000 രൂപയോളം ചിലവുണ്ട്. റിൻസിയുടെ ജീവിതാവസ്ഥ മനസിലാക്കി 2019 ൽ അന്നത്തെ കണ്ണൂർ ജില്ലാ കളക്ടർ മിർ മുഹമ്മദലി 400 രൂപ ദിവസക്കൂലിക്ക് പരിയാരം മെഡിക്കൽ കോളേജിൽ ജോലി നൽകിയിരുന്നു.ഈ ജോലി സ്ഥിരപ്പെടുത്തിക്കിട്ടാൻ റിൻസി അന്നത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജയെ അടക്കം കണ്ട് സഹായം തേടിയിരുന്നു. പരിഗണിക്കാമെന്ന് പറഞ്ഞതല്ലാതെ ഒന്നും നടന്നില്ല.

ചെലവ് താങ്ങാൻ പറ്റാതായതോടെ ഈ ജോലി ഉപേക്ഷിച്ച് 2023 മുതൽ കോഴിവളർത്തലും കൂലിപ്പണിയുമായി കഴിയുകയാണ്.

ആ ഞെട്ടലിൽ നിന്ന് മോചനമില്ല
കഴിഞ്ഞ 9 വർഷമായി കരിഞ്ഞ ക്രിസ്മമസ് തലേന്നാൾ പേടിപ്പിക്കുന്ന അനുഭവമാണ് റിൻസിക്ക്. കേസിലെ പ്രതിയായ ജയിംസ് ആന്റണിക്ക് കോടതി 12 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചുവെങ്കിലും ആ ആക്രമണത്തിന്റെ ഞെട്ടൽ ഇന്നും റിൻസിയുടെ കൂടെയുണ്ട്.