2

കാസർകോട്: ഒന്നിലധികം പുലികൾ പലയിടങ്ങളിലുമായി ഇറങ്ങിയതിനെ തുടർന്ന് കാസർകോട് മുളിയാർ ഗ്രാമപഞ്ചായത്തിലെ ജനം കടുത്ത ഭീതിയിൽ. മുളിയാറിൽ മൂന്നിടങ്ങളിലാണ് കഴിഞ്ഞ ദിവസം പുലിയിറങ്ങിയത്. കാനത്തൂർ, പയോലത്തെ തെയ്യം കലാകാരൻ കൃഷ്ണൻ കലൈപ്പാടിയുടെ വീട്ടു പരിസരത്ത് വ്യാഴാഴ്ച പുലർച്ചെ അഞ്ചു പുലികളെ കണ്ടെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞത്.

കൃഷ്ണന്റെ മകൻ സുനിൽകുമാർ തെയ്യം കഴിഞ്ഞ് എത്തിയപ്പോഴാണ് വീട്ടുപരിസരത്ത് അഞ്ചു പുലികൾ നിൽക്കുന്നത് കണ്ടത്. സുനിൽ വീട്ടനകത്തുണ്ടായിരുന്ന സഹോദരൻ അരുണാക്ഷനെ വിളിച്ചുണർത്തി വീടിന്റെ ടെറസിൽ കയറി ടോർച്ചടിച്ചപ്പോൾ പുലികൾ പതുക്കെ വനത്തിനുള്ളിലേക്ക് മടങ്ങുകയായിരുന്നു. സാധാരണ നിർത്താതെ കുരയ്ക്കാറുള്ള നായ ബുധനാഴ്ച രാത്രി പേടിച്ചരുണ്ട് ചുരുണ്ടു കൂടുകയായിരുന്നുവെന്നും വീട്ടുകാർ പറഞ്ഞു. പശുക്കളും ആടുകളുമുള്ള വീടാണ് കൃഷ്ണൻ കലൈപ്പാടിയുടേത്.ഇവയെ ലക്ഷ്യമിട്ടാണ് പുലികൾ എത്തിയതായിരിക്കാമെന്ന് വീട്ടുകാർ പറഞ്ഞു. പുലിക്കൂട്ടമെത്തിയ വിവരം വീട്ടുകാർ അപ്പോൾ തന്നെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ജനാർദ്ദനനെ അറിയിച്ചു. അദ്ദേഹം വനം വകുപ്പ് അധികൃതർക്ക് വിവരം കൈമാറിയതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു.

നായയെ കടിച്ചെടുത്ത് ഓടിമറഞ്ഞു

മുളിയാറിലെ കൊടവഞ്ചി അടുക്ക റോഡിൽ പരേതനായ രാജൻ ബേപ്പിന്റെ വീടിനു സമീപത്ത് കൂടി നായയെ കടിച്ചെടുത്തു കൊണ്ടു പുലി ഓടി പോവുന്നത് കണ്ടതായി ഓട്ടോ ഡ്രൈവർ ഹമീദ് ഫോറസ്റ്റ് അധികൃതരെ അറിയിച്ചിരുന്നു.

ഇരിയണ്ണി, പേരടുക്കം, വണ്ണാർത്തുമൂലയിലും കഴിഞ്ഞ ദിവസം പുലിയുടെ സാന്നിദ്ധ്യം ഉണ്ടായി. ഒരു വീട്ടമ്മയാണ് പുലിയെ കണ്ടത്. കാറഡുക്ക സെക്ഷനിലെ പയോലം കാനത്തൂർ സുനിൽകൃഷ്ണന്റെ വീട്ടുപരിസരത്ത് പുലിയെ കണ്ടെന്ന വിവരത്തെ തുടർന്ന് ആർ.ആർ.ടി സ്ഥലത്തെത്തി പരിശോധന നടത്തി. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും നിർദ്ദേശം നൽകി.


ഓലത്തുകയയിലും കർമ്മന്തൊടിയിലും കൂടുകൾ

പുലിഭീതി വർദ്ധിച്ചതോടെ വനം വകുപ്പ് അധികൃതർ ഈ ഭാഗങ്ങളിൽ പുതിയ കൂടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇരിയണ്ണി ഓലത്തുകയയിലും കർമ്മന്തൊടിയിലുമാണ് പുലിയെ പിടികൂടാൻ വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ മിന്നംകുളത്ത് രണ്ടുമാസത്തോളമായി വച്ച കൂട്ടിൽ പുലി വീണിട്ടില്ല. ഓലത്തുകരയിൽ സ്ഥിരമായി ഭീഷണി ഉള്ളതിനാലാണ് സഞ്ചാര വഴിയിൽ പുതിയ കൂട് വച്ചത്.

വേണം ജാഗ്രത

മുളിയാറിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കാൻ വനംവകുപ്പും റാപ്പിഡ് റസ്പോൺസ് ടീമും ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.