
കണ്ണൂർ:തൂക്കുകയർ വിധിക്കപ്പെട്ട് ദയാഹർജി നൽകി കാത്തിരിക്കുന്ന തടവുപുള്ളിയായി മോഹൻലാൽ അവതരിപ്പിച്ച സത്യനാഥൻ. തൂക്കിലേറ്റെപ്പെടും മുൻപ് റിപ്പർ ചന്ദ്രൻ കഴിഞ്ഞിരുന്ന അതേ സെല്ലിൽ മോഹൻലാലിന്റെ വിസ്മയ പ്രകടനം. റിപ്പർ ചന്ദ്രൻ മാത്രമല്ല, തൂക്കിലേറ്റപ്പെട്ട രാമസ്വാമി, ബാലകൃഷ്ണൻ എന്നിവരെല്ലാം കിടന്ന സെല്ല്. എം.ടി. രചിച്ച് സിബിമലയിൽ സംവിധാനം ചെയ്ത സദയം എന്ന ചിത്രത്തിലൂടെ കണ്ണൂർ സെൻട്രൽ ജയിലിന്റെ അകത്തളങ്ങൾ പ്രേക്ഷകർക്ക് മുന്നിലെത്തുകയായിരുന്നു.
ക്ലൈമാക്സ് ചിത്രീകരിക്കാനായി കൊലമരത്തിന്റെ സെറ്റ് ഇട്ടിരുന്നു. പക്ഷേ തലേ ദിവസം രാത്രി അറിയിപ്പു വന്നു, ജയിലിലെ യഥാർത്ഥ കൊലമരം ഒരു ദിവസത്തേക്കു മാത്രമായി ഷൂട്ടിംഗിനായി തുറന്നു നൽകുമെന്ന്. ചിത്രീകരണ സമയത്ത് എം.ടി.യും ജയിലിലെത്തിയിരുന്നു. കൊലമരത്തിനു കീഴെ സത്യനാഥൻ നിന്ന ശേഷം കുറ്റപത്രം വായിച്ചു കേട്ടു. കയർ പതുക്കെ തലയിലൂടെ ഇട്ടു. കൈകൾ പിറകിൽ കെട്ടിയിരുന്നു. ലിവർ വലിച്ചപ്പോൾ വലിയ ശബ്ദം ജയിലിൽ മുഴങ്ങി. ജയിൽ വളപ്പിലെ മരത്തിലെ വവ്വാലുകൾ കൂട്ടത്തോടെ പറന്നുയർന്നു. ഏറ്റവും മികച്ച ചിത്രത്തിനും നടനും ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സദയത്തെ തേടിയെത്തി. എം.ടിയുടെ ഏറ്റവും മികച്ച ചിത്രങ്ങളുടെ ലിസ്റ്റിൽ മുൻപന്തിയിലാണ് സദയം.
എം.ടി. രചിച്ച് ഹരിഹരൻ സംവിധാനം ചെയ്ത പഴശിരാജയുടെയും ചിത്രീകരണവും കണ്ണൂരിലാണ് നടന്നത്. മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം,കൂടാളി എന്നിവിടങ്ങളിലായിരുന്നു ലൊക്കേഷൻ. പഴശിപട്ടാളത്തിന്റെ ചില ഭാഗങ്ങൾ ചിത്രീകരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കുതിരവണ്ടി പാഞ്ഞുകയറി കൂടാളിയിൽ പ്രദേശവാസിയായ യുവാവ് മരിച്ചിരുന്നു.സംഭവത്തെ തുടർന്ന് ചിത്രീകരണം താൽക്കാലികമായി മുടങ്ങി. ചിത്രീകരണം പുനരാരംഭിച്ച ഈ മമ്മൂട്ടി ചിത്രം പിന്നീട് സൂപ്പർ ഹിറ്റായി.