bomb

കണ്ണൂരിൽ വീടിന്റെ ടെറസിൽ നിന്ന് ഐസ്‌ക്രീം ബോംബുകൾ പിടികൂടിയത് കഴിഞ്ഞയാഴ്‌ച. അതിനും ദിവസങ്ങൾക്ക് മുൻപ് പാനൂരിൽ സ്‌ഫോടനം നടന്നത് നടുറോഡിൽ. ഉഗ്രസ്‌ഫോടക ശേഷിയുള്ള രണ്ടു ബോംബകളാണ് പൊട്ടിയത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവരാണെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. പയ്യന്നൂരിൽ കൊലക്കേസ് പ്രതിയുടെ വീട്ടിൽ സൂക്ഷിച്ച ബോംബ് പൊട്ടിയ സംഭവുണ്ടായതും അടുത്തിടെ. ഉളിക്കൽ പരിക്കളത്ത് മൈലപ്രവൻ ഗിരീഷി(37)ന്റെ വീടിന്റെ ടെറസിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പ്രദേശത്ത് നിന്ന് സ്‌ഫോടന ശബ്ദം കേട്ടതിന്റെ അടിസ്ഥാനത്തിൽ പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ബോംബുകൾ കണ്ടെത്തിയത്. മൂന്ന് പെയിന്റ് ബക്കറ്റുകളിലായി സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. സമീപം മറ്റൊരു ഒഴിഞ്ഞ പാത്രം കിടക്കുന്നുണ്ടായിരുന്നു. അതിൽ സൂക്ഷിച്ച ബോംബാണ് പൊട്ടിയത്. ആർ.എസ്.എസ് മുൻ താലൂക്ക് ശിക്ഷക് പ്രമുഖായിരുന്നു ഗിരീഷ്. കഴിഞ്ഞ ജനുവരിയിലാണ് സി.പി.എമ്മിൽ ചേർന്നത്. പരിക്കളത്ത് സി.പി.എം. ലോക്കൽ കമ്മിറ്റി കുടുംബ സംഗമത്തിലാണ് ഗിരീഷിനെ പാർട്ടി പതാക കൈമാറി സ്വീകരിച്ചത്.


ബോംബ് നിർമാണത്തിന്
പിന്തുണ

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്കായി സി.പി.എം. നിർമ്മിച്ച രക്തസാക്ഷിസ്മാരകത്തിന്റെ സ്മാരകം ഉദ്ഘാടനം നടത്തിയത് ഈയിടെയാണ്. 2015ൽ ബോംബ് നിർമിക്കുന്നതിനിടെ കൊല്ലപ്പെട്ട പാനൂർ ചെറ്റക്കണ്ടി ഷൈജു, സുബീഷ് എന്നിവർക്കാണ് പിരിവെടുത്ത് സ്മാരകം നിർമിച്ചത്. ചെറ്റക്കണ്ടി സ്‌ഫോടനം വലിയ വിവാദമായതോടെ അന്ന് കൊല്ലപ്പെട്ടവരെയും പരിക്കേറ്റവരെയും സി.പി.എം തള്ളിപ്പറഞ്ഞിരുന്നു. എന്നാൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് അന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനായിരുന്നു. പിന്നീട് മൃതദേഹങ്ങൾ പാർട്ടി ഭൂമിയായ ഈസ്റ്റ് ചെറ്റക്കണ്ടിയിലെ എ.കെ.ജി നഗറിൽ സംസ്‌കരിക്കുകയും ചെയ്തു. ആർ.എസ്.എസിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടമെന്നും അതിനാലാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത് എന്നുമായിരുന്നു അന്ന് പി. ജയരാജൻ വിശദീകരിച്ചത്.


നിരപരാധികളും ഇരകൾ

രാഷ്ട്രീയ അക്രമങ്ങൾക്ക് പേരുകേട്ട കണ്ണൂരിൽ 2024 വർഷവും ബോംബ് സ്‌ഫോടനക്കേസുകൾ കുറഞ്ഞില്ല. സമാധാന അന്തരീക്ഷം നിലനിൽക്കുമ്പോഴും ഒളിപ്പിച്ചു വച്ച ബോംബുകൾ പൊട്ടിത്തെറിച്ച് നിരപരാധിയായ വയോധികൻ കൊല്ലപ്പെടുകയും ചെയ്തു. പാനൂർ മുളിയത്തോടിൽ കഴിത്ത ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്താണ് ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചത്. സി.പി.എം ബന്ധമുളള പതിനൊന്ന് പേർ പ്രതികളായി. എരഞ്ഞോളിയിൽ തേങ്ങ പെറുക്കുന്നതിനിടെ ബോംബ് പൊട്ടി തൊണ്ണൂറുകാരനാണ് കൊല്ലപ്പെട്ടത്. പ്രതികളില്ലാതെ, തെളിവില്ലാതെ മാഞ്ഞുപോകുന്ന ബോംബ് കേസുകളിലൊന്നായി എരഞ്ഞോളി സ്‌ഫോടനവും മാറിയിരിക്കുകയാണ്. തൊണ്ണൂറുകാരനായ വേലായുധൻ തൊട്ടടുത്തുളള ആളില്ലാത്ത വീട്ടിലെ പറമ്പിൽ ഉച്ചക്ക് തേങ്ങ പെറുക്കാൻ പോയപ്പോഴാണ് അപകടം സംഭവിക്കന്നത്. ഉച്ചയ്ക്ക് വൻ പൊട്ടിത്തെറിയുടെ ശബ്ദമാണ് നാട്ടുകാർ കേട്ടത്. തൊട്ടടുത്ത് എരഞ്ഞോളി പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്നവർ പാഞ്ഞെത്തിയപ്പോൾ കണ്ടത് വീടിന്റെ മുൻവശത്തെ തിണ്ണയിൽ ചോരയിൽ കുളിച്ചുനിൽക്കുന്ന വേലായുധനെയാണ്. ഉടനെ തന്നെ തലശേരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. പക്ഷേ എത്ര അന്വേഷണം നടത്തിയിട്ടും ബോംബ് എവിടെ നിന്ന് വന്നുവെന്നതിന് ഉത്തരം പൊലീസിനില്ല. പിന്നിൽ ആരെന്ന് കണ്ടെത്തിയില്ല. 25 വർഷത്തിനിടെ സമാനമായ ഇരുപതിലേറെ സ്‌ഫോടനങ്ങൾ കണ്ണൂരിലുണ്ടായി. കുട്ടികൾക്കുൾപ്പെടെ കണ്ണും കയ്യും നഷ്ടമായ കേസുകൾ. ഒരെണ്ണത്തിൽപ്പോലും ബോംബുണ്ടാക്കിയവരെയോ ഒളിപ്പിച്ചവരെയോ കണ്ടെത്താനായില്ല. പ്രതികളില്ലാത്ത കേസുകൾ എവിടെയുമെത്തിയില്ല.
അഞ്ച് വർഷത്തിനിടെ ജില്ലയിൽ കണ്ടെത്തിയത് 250 ലധികം ബോംബുകളാണ്. 2024ൽ മാത്രം 19 ബോംബുകൾ കണ്ടെത്തി. കല്ലും കുപ്പിച്ചില്ലും ആണിയും വെടിമരുന്നും നിറച്ച് നൂലുകെട്ടുന്ന നാടൻ ബോംബുകളും സ്റ്റീൽ പാത്രം ഉപയോഗിക്കുന്ന സ്റ്റീൽ ബോംബുകളുമാണ് വ്യാപകം. രാഷ്ട്രീയപ്പാർട്ടികളും ക്വട്ടേഷൻ സംഘങ്ങളുമാണ് ഇതിന്റെ ഗുണഭോക്താക്കൾ. പൊട്ടിത്തെറിയിൽ അപകടമുണ്ടാകുമ്പോൾ മാത്രം നിർമാണസംഘങ്ങളെ പൊലീസ് പിടികൂടും. എന്നാൽ തുടർ നടപടികളുണ്ടാകാറില്ല.


പാനൂരിൽ ഭീതി

പാനൂരിന്റ കിഴക്കൻ മേഖലയിൽ ബോംബ് സ്‌ഫോടനം പതിവാകുന്നത് ജനങ്ങളിൽ ഭീതി പടർത്തുന്നു. ചെണ്ടയാട്, കുന്നുമ്മൽ ഭാഗങ്ങളിൽ അടുത്ത ദിവസങ്ങളിലായി മൂന്ന് സ്‌ഫോടനങ്ങളാണ് നടന്നത്. വലിയപറമ്പിന് സമീപമുള്ള റോഡിലാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടു. പുളിയത്താംകുന്നിന് മുകളിൽ പകലാണ് സ്‌ഫോടനം നടന്നത്. കുന്നിന് മുകളിൽ പൊലീസും സ്‌ക്വാഡും നടത്തിയ പരിശോധനയിൽ സ്‌ഫോടനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ ഭാഗത്ത് രണ്ടുദിവസങ്ങൾക്ക് മുമ്പും സ്‌ഫോടനം നടന്നിരുന്നു. ബോംബുകൾ പരീക്ഷണാടിസ്ഥാനത്തിൽ പൊട്ടിക്കുകയാണെന്നാണ് പൊലീസിന്റെ നിഗമനം.


രാഷ്ട്രീയം നേതൃത്വം
ഉത്തരവാദികൾ

ജില്ലയുടെ ബോംബ് രാഷ്ട്രീയത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു പ്രമുഖ രാഷ്ട്രീയകക്ഷികൾക്ക് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ല. എതിരാളികളെ നിർവീര്യമാക്കാൻ മാത്രമല്ല, നിശബ്ദരാക്കാനും ബോംബാണു പ്രധാന ആയുധം. തിരഞ്ഞെടുപ്പു കാലം, ബോംബ് തൊഴിലാളികളുടെ കാലമാണ്. എതിരാളികളെ മാത്രമല്ല, സാധാരണ വോട്ടർമാരെയും ഭയപ്പെടുത്താൻ എതിരാളികളുടെ സ്വാധീന കേന്ദ്രങ്ങളിൽ ബോംബ് സ്‌ഫോടനങ്ങളുണ്ടാക്കും. സ്‌ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ അറിവുള്ളവരല്ല, ഈ നാടൻ ബോംബുണ്ടാക്കുന്നത്. പലപ്പോഴും തീർത്തും അശ്രദ്ധമായാണു നിർമാണം 1999ൽ യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിനു ശേഷമാണു സി.പി.എമ്മും ബി.ജെ.പിയും ശക്തികേന്ദ്രങ്ങളിൽ ബോംബ് നിർമാണം വ്യാപകമാക്കിയത്. ഒരേസമയം 125 നാടൻ ബോംബുകൾ വരെ പിടികൂടിയിട്ടുണ്ട്, ബോംബുണ്ടാക്കാൻ നിർദേശിച്ചവരിലേക്കോ സ്‌ഫോടകവസ്തുക്കൾ നൽകിയവരിലേക്കോ അന്വേഷണം എത്താറുമില്ല. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ഒഴിഞ്ഞ പ്രദേശങ്ങളിലോ കെട്ടിടങ്ങളിലോ ആണ് രാഷ്ട്രീയ ക്രിമിനലുകൾ നിർമ്മിക്കുന്ന ബോംബുകൾ ഒളിപ്പിച്ചുവയ്ക്കുന്നത്. പൊലീസ് റെയ്ഡിനു വരുമ്പോൾ ബോംബ് ശേഖരം എവിടെയെങ്കിലും ഉപേക്ഷിച്ച് രക്ഷപ്പെടാറുമുണ്ട്. ഇത്തരം ബോംബുകളാണ് പിന്നീട് നിരപരാധികളുടെ ജീവനെടുക്കുന്നത്. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ
പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ വ്യാപക പരിശോധന നടന്നിരുന്നു. പൊലീസിന്റേയും സി.ആർ.പിഎഫിന്റേയും നേതൃത്വത്തിലാണ് പരിശോധന. എന്നാൽ ഇപ്പോഴും ബോംബുകൾ അവശേഷിക്കുന്നുവെന്നതിന്റെ തെളിവാണ് സമീപകാല സംഭവങ്ങൾ.