
എം.മുകുന്ദനോടും ജേഷ്ഠൻ എം.രാഘവനോടും ആത്മബന്ധം
മാഹി:നിളാതീരത്ത് നിന്ന് മലയാളവും പിന്നിട്ട് ലോകസാഹിത്യത്തിന്റെ നെറുകയിലേക്ക് കയറിയ എം.ടിക്ക് മയ്യഴിയോടും മയ്യഴിപ്പുഴയുടെ കഥകൾ പറഞ്ഞ എം.മുകുന്ദനോടും ജേഷ്ഠ സഹോദരൻ എം.രാഘവനോടും ഉണ്ടായിരുന്നത് ഹൃദയബന്ധം.
തൊണ്ണൂറ്റി നാലിലെത്തിയിട്ടും എം.രാഘവന്റെ എം.ടിയ്ക്കൊപ്പമുള്ള ഓർമ്മകൾക്ക് ഒട്ടും മങ്ങലേറ്റിട്ടില്ല.
ഫ്രഞ്ച് എംബസി ഉദ്യോഗസ്ഥനായി ഡൽഹിയിൽ കഴിയുന്ന കാലത്താണ് നിർമ്മാല്യം സിനിമക്കുള്ള ദേശീയ അവാർഡ് ഏറ്റുവാങ്ങാൻ എത്തിയത്. അന്ന് തങ്ങളുടെ വീട്ടിലാണ് വി.കെ.മാധവൻകുട്ടിക്കൊപ്പം എം.ടി തങ്ങിയത്.മുകുന്ദനും അന്ന് രാഘവന്റെ കൂടെയായിരുന്നു താമസിച്ചിരുന്നത്.
എം.ടിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഒട്ടേറെ ഫ്രഞ്ച് ക്ലാസ്സിക് കഥകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട് എം.രാഘവൻ.എം.ടി പത്രാധിപരായി ആഴ്ചപ്പതിപ്പിൽ തുടർച്ചയായി ഇവ പ്രസിദ്ധീകരിച്ചു.എം.മുകുന്ദന്റെ മകൾ ഭാവനയുടെ വിവാഹത്തിന് എം.ടി. മാഹിയിൽ എത്തിരുന്നു.രണ്ട് വർഷം മുൻപ് രാഘവേട്ടന്റ മകൻ ഡോ.പീയൂഷിനെ ഊട്ടിയിൽ വച്ച് കണ്ടപ്പോഴും രാഘവന്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു ആദ്യ ചോദ്യം. ഡോ.പീയൂഷ് എഴുതിയ ഇംഗ്ലീഷ് നോവൽ കുറേശ്ശയായി വായിച്ചു വരുന്നുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരി രണ്ടിനാണ് രാഘവനെ തേടി എം.ടിയിൽ നിന്ന് അവസാനമായി സ്വന്തം കൈപ്പടയിൽ ഉള്ള കത്ത് വന്നത്. ''കുറേക്കാലമായി കണ്ടിട്ട്?? 'മാഹി വഴി കടന്നു പോയിട്ട് ഏറെക്കാലമായി .ആരോഗ്യം ഭദ്രമല്ല കണ്ണ്, ചെവി ഒക്കെ താളം തെറ്റിയിരിക്കുന്നു.പോരാത്തതിന് മഹാ മാരിയും.വായിക്കാൻ പ്രയാസമുണ്ട്. കുറേശ്ശയായി വായിക്കും. പ്രായാധിക്യം എന്നേയും ബുദ്ധിമുട്ടിക്കുന്നു. ആ വഴി വരേണ്ടി വന്നാൽ കാണാം.മുകുന്ദനെ ഇടയ്ക്ക് കാണാറുണ്ട്.'
1970 കളുടെ തുടക്കത്തിൽ ചെറിയ ചിലവിൽ മികച്ച സിനിമയെടുക്കുക എന്ന ലക്ഷ്യത്തോടെ മാഹിയിൽ രൂപീകരിക്കപ്പെട്ട ആർട്ട് ലിങ്ക് എന്ന ഫിലിം സൊസൈറ്റി ഉദ്ഘാടനം ചെയ്തത് എം.ടി.യായിരുന്നു.ബംഗാളി ക്ലാസ്സിക് സിനിമകളെക്കുറിച്ച് സുദീർഘമായി അന്ന് അദ്ദേഹം സംസാരിച്ചതായി ഡോ. മഹേഷ് മംഗലാട്ട് പറയുന്നു.
1992 ൽ മലയാള കലാഗ്രാമത്തിലെ എ.പി.കുഞ്ഞിക്കണ്ണൻ, എം.വി.ദേവൻ, എൻ.പി.മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഒരു മാസത്തെ യുവകഥാകാരന്മാരുടെ ക്യാമ്പിന്റെ ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് എം ടി.യെയായിരുന്നു. എന്നാൽ അദ്ദേഹം മറ്റൊരു ദിവസമാണ് ക്യാമ്പിൽ എത്തിയ്. ലോകത്തിലെ മഹാന്മാരായ കഥാകാരന്മാരേയും, മികച്ച സൃഷ്ടികളേയും വിലയിരുത്തി സംസാരിച്ച അദ്ദേഹം മാറുന്ന കഥകളുടെ രൂപം പരിചയപ്പെടുത്തി. മലയാള ചെറുകഥകളുടെ രാജശില്പി ടി.പത്മനാഭൻ അടക്കം ആ ക്യാമ്പിൽ സംബന്ധിച്ചിരുന്നതായി ചെറുകഥാകൃത്ത് ഉത്തമരാജ് മാഹി ഓർമ്മിക്കുന്നു.
ചിത്രവിവരണം: എം.രാഘവന് ഒടുവിലായി എം.ടി.അയച്ച കത്ത്