
പാനൂർ: പാട്യം പത്തായക്കുന്ന് ഗുരുനഗറിലെ വി.കെ.വസുമതി ടീച്ചറുടെ വീട്ടിൽ നിധി പോലെ കാത്തുസൂക്ഷിച്ച ഒരു ഫോട്ടോയുണ്ട്. പ്രീ യൂണിവേഴ്സിറ്റി പരീക്ഷക്ക് തയ്യാറെടുക്കുന്ന കോഴിക്കോട്ടെ മൂസത് ബ്രദേഴ്സ് ട്യൂട്ടോറിയൽ കോളേജിലെ (എം.ബി കോളേജ്) അദ്ധ്യാപകരുമൊത്തുള്ള വിദ്യാർത്ഥികളുടെ അറുപത് വർഷം പഴക്കമുള്ള ഗ്രൂപ്പ് ഫോട്ടോ. അദ്ധ്യാപകരുടെ കൂട്ടത്തിൽ സാക്ഷാൽ എം.ടിയുണ്ട്. വിദ്യാർത്ഥികളുടെ കൂട്ടത്തിൽ വസുമതി ടീച്ചറും.
പ്രിയപ്പെട്ട മാഷിന്റെ വിയോഗ വാർത്ത പുറത്തുവന്നപ്പോൾ വസുമതി ടീച്ചർ കണ്ണീരണിഞ്ഞു. ഒപ്പം അന്നു പഠിച്ചിരുന്ന പത്മിനി, ഓമന, നാഗലക്ഷ്മി തുടങ്ങിയ സുഹൃത്തുക്കളെയും ഓർത്തെടുത്തു.1957ലാണ് മേഖലയിലെ വിദ്യാഭ്യാസ സാമൂഹ്യരംഗങ്ങളിൽ തിളങ്ങിയിരുന്ന വി.കെ.കെ.ഗുരുക്കൾ മകൾ വസുമതിയെ പ്രീ യൂണിവേഴ്സിറ്റി പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിനായി എം.ബി കോളേജിൽ ചേർത്തത്. അന്ന് എഴുത്തുകാരനായി അറിയപ്പെട്ടുതുടങ്ങിയിരുന്ന വാസുദേവൻ നായർ ക്ലാസ്സിൽ എത്തുമ്പോൾ തങ്ങൾ കുട്ടികൾക്ക് വലിയ കാര്യമായിരുന്നുവെന്ന് ടീച്ചർ ഓർമ്മിക്കുന്നു. അന്ന് മാതൃഭൂമി പത്ര ഓഫീസിലും അദ്ദേഹം ജോലി ചെയ്തിരുന്നതായി കൂട്ടുകാർ പറഞ്ഞ അറിവുണ്ട് . മിതഭാഷിയും സൗമ്യനുമായിരുന്നു എം.ടിയെന്നും അനുഭവപ്പത്തിൽ നിന്നും ടീച്ചർ ഓർമ്മിക്കുന്നു. സുവോളജിയായിരുന്നു കുട്ടികളെ അന്ന് എം.ടി പഠിപ്പിച്ചതെന്നും ടീച്ചർ പറഞ്ഞു.
എം.ടിയുടെ എഴുത്തെല്ലാം വസുമതി ടീച്ചർക്ക് ഇഷ്ടമാണ്. ഏറ്റവും ഇഷ്ടം നാലുകെട്ട് . വി.കെ.കെ ഗുരുക്കളുടെ മകളാണെന്ന് പറഞ്ഞ് അദ്ധ്യാപകനായിരുന്ന തായാട്ട് ശങ്കരനാണ് എം.ടിയെ പരിചയപ്പെടുത്തിയതെന്നും ടീച്ചർ പറഞ്ഞു. വീണ്ടും ഒരിക്കൽ കോഴിക്കോട് വച്ചും എം.ടിയെ കണ്ടു. വർഷങ്ങൾക്ക് ശേഷം പാട്യം പത്തായക്കുന്നിലെ വാഗ്ഭടാനന്ദ ഗുരുദേവ വായനശാലയിൽ സാംസ്‌കാരിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് എത്തിയപ്പോൾ പിതാവായ വി.കെ.കെ.ഗുരുക്കളോടൊപ്പം വീട്ടിൽ അദ്ദേഹം എത്തിയെന്നും വസുമതി ടീച്ചർ ഓർമ്മിച്ചെടുത്തു.