
പിലാത്തറ: ചെറുതാഴം രാഘവപുരം സഭായോഗത്തിന്റെ 1231ാ മത് വാർഷികസഭക്കും മഹാവേദഭജനത്തിനും ചെറുതാഴം കണ്ണിശ്ശേരി കാവിൽ തുടങ്ങി. നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ഉദ്ഘാടനവും ദേവസ്വം സമ്മേളനവും കുഞ്ഞി മാധവൻ കനകത്തിടത്തിന്റെ അദ്ധ്യക്ഷതയിൽ കേരള ഹൈക്കോടതി ജഡ്ജി പി.വി.കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സഭായോഗത്തിന്റെ പരമോന്നത ബഹുമതിയായ ശ്രോത്രിയരത്ന പുരസ്‌കാരം വേദ സംരക്ഷണത്തിനായി ജീവിതം സമർപ്പിച്ച വേദപണ്ഡിതനായ ആമല്ലൂർ നാരായണൻ നമ്പൂതിരിക്ക് ചിറക്കൽ കോവിലകം രാമവർമ്മ വലിയ രാജ സമർപ്പിച്ചു. ചടങ്ങിൽ മുൻ റാവൽജി വടക്കെ ചന്ദ്രമന ഈശ്വര പ്രസാദ് നമ്പൂതിരി, മുഞ്ചിറ മഠം മൂപ്പിൽ സ്വാമിയാർ നാരായണ ബ്രഹ്മാനന്ദ തീർത്ഥ സ്വാമികൾ, മധുമരങ്ങാട്, അജിത്ത് നമ്പൂതിരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.