തലശ്ശേരി: ദ്വിദിന അന്താരാഷ്ട്ര നൃത്തോത്സവത്തിന്റെ ഭാഗമായി ഇന്ത്യക്ക് അകത്തും പുറത്തു നിന്നുമുള്ള 200 ഓളം നർത്തകർ 27, 28 തീയതികളിൽ ജഗന്നാഥ ക്ഷേത്രം അങ്കണത്തിൽ നൃത്താർച്ചന നടത്താനെത്തും. 27 ന് കാലത്ത് 10.30 ന് നൃത്തോത്സവത്തിന് തിരശ്ശീല ഉയരും. വൈകുന്നേരം 5.30ന് നടക്കുന്ന സംസ്‌കാരിക സദസ് കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ ഉദ്ഘാടനം ചെയ്യും.
മൃദംഗശൈലേശ്വരി ക്ഷേത്രം മേൽശാന്തി കൃഷ്ണദാസ് നമ്പൂതിരി മുഖ്യാതിഥിയായി പങ്കെടുക്കും. കലൈമാമണി പ്രിയാ രഞ്ചിത്ത് (കലാക്ഷേത്ര), പി.വി.ലാവ് ലിൻ (പ്രോഗ്രാം ഓഫീസർ ഫോക് ലോർ അക്കാഡമി ), ആഷിഷ് പയ്യന്നൂർ (പ്രിൻസിപ്പൽ നാട്യ ഭാരതി) എന്നിവർക്ക് പ്രാണാകലൈനാർ പുരസ്‌ക്കാരം സമ്മാനിക്കും. മോഹിനിയാട്ടം നർത്തകി മണിമേഖല ശങ്കരാചാര്യരുടെ സൗന്ദര്യലഹരിയുടെ മോഹിനിയാട്ട നൃത്താവിഷ്‌കാരം അവതരിപ്പിക്കും.
ആർ.എൽ.വി അനീഷ പ്രിയ ദിനേശനും, ആർ.എൽ.സി ആര്യ അരവിന്ദും (തൃശൂർ) മോഹിനിയാട്ടം അവതരിപ്പിക്കും.
രത്നഭാരതി ആചാര്യ ആര്യ ഹി പവിത് (യു.പി) ഒഡീസ്സിയും അഡാർ കലൈമാമണി ദേവിക എസ്.കുറുപ്പ് (ചെന്നൈ) ഭരതനാട്യവും അവതരിപ്പിക്കും. 28ന് കാലത്ത് 11 മണിക്ക് നൃത്തോത്സവം രണ്ടാം നാളിൽ അക്ഷയരാധാകൃഷ്ണൻ (ബാംഗ്ളൂർ) ഭരതനാട്യവും, സി.അശ്വതി രാജ് (തിരൂർ) കേരള നടനവും, സ്‌നേഹദാസ് (പാലക്കാട്) കഥകളിയും, വിബിൻ ബാലകൃഷ്ണൻ (കണ്ണൂർ) ഭരതനാട്യവും അവതരിപ്പിക്കുമെന്നും പ്രാണാ മാനേജിംഗ് ട്രസ്റ്റി മണിമേഖല പറഞ്ഞു.