
കണ്ണൂർ: കാഴ്ചയില്ലെങ്കിലും പുസ്തകങ്ങളാണ് അനുശ്രീയുടെ ലോകം. ചുറ്റും കേൾക്കുന്ന കഥകൾ മനസിലൊപ്പി പുസ്തക സദസുകൾക്ക് പകരലാണ് ഈ ഇരുപത്തിരണ്ടുകാരിയുടെ ഇഷ്ടം. രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് റെറ്റിനൈറ്റിസ് പിഗ്‌മെന്റോസ രോഗം ബാധിച്ച് കരിവെള്ളൂർ കൊഴുമ്മൽ വരീക്കരയിലെ കെ.വി. അനുശ്രീയുടെ കാഴ്‌ച നഷ്‌ടപ്പെട്ടത്.
സഹോദരി കെ.വി. ശ്രീനന്ദയും റിട്ട. സർവേയറായ അച്ഛൻ എ. രമേശനും അമ്മ കെ.വി. ഷീബയും സുഹൃത്തുക്കളും വായിച്ചുകൊടുക്കുന്ന പുസ്‌തകങ്ങളാണ് അനുശ്രീ ഹൃദയസ്‌പൃക്കായി സദസുകളിൽ അവതരിപ്പിക്കുന്നത്. പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ 'വായനായനം" പരിപാടിയിൽ മിക്ക വായനശാലകളും പുസ്‌തകാവലോകനത്തിന് അനുശ്രീയെയാണ് ക്ഷണിക്കുന്നത്.
കാസർകോട്, ധർമ്മശാല എന്നിവിടങ്ങളിലെ സ്‌പെഷ്യൽ സ്‌കൂളുകളിലായിരുന്നു അനുശ്രീയുടെ പ്രാഥമിക വിദ്യാഭ്യാസം. കരിവെള്ളൂർ എ.വി.എസ്.ജി.എച്ച്.എസ്.എസിൽ നിന്ന് പത്താം ക്ലാസ് ഉയർന്ന ഗ്രേഡിലും പ്ലസ്ടു മുഴുവൻ എ പ്ലസ് നേടിയും ജയിച്ചു. കാസർകോട് ഗവ. കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദം നേടി. നിലവിൽ നീലേശ്വരം പാലത്തടം പി.കെ. രാജൻ മെമ്മോറിയൽ ക്യാമ്പസിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ്. നെറ്റ്, ജെ.ആർ.എഫ് എന്നിവയും നേടി. എൻഡോസൾഫാൻ ദുരിതബാധിത കൂടിയാണ് അനുശ്രീ.
 വായനായനം
ആറുമാസത്തിൽ 2,500 വായനാ വീടുകളിലൂടെ 15,000 പുസ്തക ചർച്ചകളാണ് പയ്യന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വായനായനം പരിപാടി ആസൂത്രണം ചെയ്തത്. സെപ്തംബർ ആദ്യവാരമാണ് പദ്ധതി ആരംഭിച്ചത്. വായനശാലകൾക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്താം. അഞ്ചു മുതൽ ആറുലക്ഷം വരെ ആളുകളെ വായനയിലേക്ക് കൊണ്ടു വരികയാണ് ലക്ഷ്യം. താലൂക്കിലെ 250 വായനശാലകൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പയ്യന്നൂർ താലൂക്ക്‌ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശിവകുമാർ പറഞ്ഞു.