kabadi

പയ്യന്നൂർ: ഒരു കാലത്ത് കബഡി കോർട്ടുകളിൽ ആവേശം തീർത്ത കരുത്തന്മാർ പതിറ്റാണ്ടുകൾക്ക് ശേഷം ഒത്തുചേർന്നു.അവരുടെ വിശേഷങ്ങളിൽ അന്നത്തെ മിന്നൽ റെയ്ഡുകളും അതിശയകരായ ക്യാച്ചുകളും കിരീടവിജയങ്ങളുമെല്ലാം ഒരിക്കൽ കൂടിയെത്തി.

ഈ മാസം 29ന് കണിയേരി ഗ്രാമീണ കലാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കബഡി ടൂർണ്ണമെൻ്റിൻ്റെ മുന്നോടിയാണ് വെള്ളൂർ ആലിൻ കീഴിൽ, 1975 - 80 കാലഘട്ടത്തിൽ കബഡി കളിക്കളം ഇളക്കി മറിച്ച പഴയ കാല കായിക പ്രതിഭകളുടെ ഒത്ത് ചേരൽ നടന്നത്.

തരംഗിണി, ദിനേശ് ബീഡി ടീം, റെഡ് സ്റ്റാർ, ജൻസ് വെള്ളൂർ, സെൻട്രൽ വെള്ളൂർ, നവശക്തി, എകെജി തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി വിസ്മയം തീർത്ത പഴയ പടക്കുതിരകളുടെ കൂടിച്ചേരൽ ഗതകാല സ്മരണകൾ അയവിറക്കുന്നതായി. മോഹിപ്പിക്കുന്ന പ്രതിഫലവും ജോലിസാദ്ധ്യതയും പ്രോ കബഡി ലീഗുകളിലെ പണക്കൊഴുപ്പും ഒന്നുമില്ലാത്ത കാലത്ത് ക്ളബ്ബുകൾക്ക് ട്രോഫികൾ നേടിക്കൊടുക്കുന്നതിൽ മാത്രമായിരുന്നു ലക്ഷ്യമെന്ന് താരങ്ങൾ പറഞ്ഞു.

ഇന്ന് കബഡിയിൽ ഒരു പാട് പരിഷ്കാരങ്ങൾ വന്നു. ശാസ്ത്രീയമായ പരിശീലനവും സ്പോൺസർഷിപ്പുമൊക്കെയായി കളി ആകെ മാറി. പ്രോ കബഡിയുടെ വരവോടെ താരങ്ങൾക്ക് മോശമല്ലാത്ത സമ്പാദ്യം ലഭിക്കുന്നുണ്ട്. കബഡി എന്നതിന് പകരം അന്ന് കുടു - കുടു എന്നാണ് അന്ന് റെയ്ഡർ ഉരുവിട്ടിരുന്നതെന്ന് തരംഗിണി വെള്ളൂരിന്റെ താരമായിരുന്ന സി.തമ്പാൻ പറഞ്ഞു. 1974 ൽ ദിനേശ് ബീഡിക്ക് വേണ്ടി കളത്തിൽ ഇറങ്ങിയ പി.വി. ഭാസ്കരനും കബഡി അനുഭവങ്ങൾ വിവരിച്ചു.

കായിക മേഖലയെ സിലബസിന്റെ ഭാഗമാക്കണമെന്ന് പരിപാടിയിൽ സംബന്ധിച്ച റിട്ട.കായികാദ്ധ്യാപകൻ ഇ.പവിത്രൻഅഭിപ്രായപ്പെട്ടു. മുൻ എം.എൽ.എ സി.കൃഷ്ണനാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. അന്താരാഷ്ട്ര കബഡി കോച്ച് കെ. ഗണേഷ് മുഖ്യാതിഥിയായിരുന്നു. കെ.പി. ബാബു, ഇ.വി.രാജേന്ദ്രൻ, കെ.ഹരീഷ്, വി.കെ.രാജീവൻ, കെ.വി.കൃപേഷ് , സി.വിനേഷ് എന്നിവർ സംസാരിച്ചു.