കണ്ണൂർ: മൂക്കിൽ ദശ വളർച്ചയെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ യുവതിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. അഞ്ചരക്കണ്ടി മായാങ്കണ്ടി ഹൗസിൽ രസ്‌ന (30)യുടെ കാഴ്ചയാണ് നഷ്ടപ്പെട്ടത്. അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിൽ കഴിഞ്ഞ ഒക്ടോബർ പത്തിനാണ് സർജറി കഴിഞ്ഞതെന്നാണ് പറയുന്നത്. ലോക്കൽ അനസ്‌ത്യേഷ നൽകിയതിന് ശേഷമാണ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. സർജറി കഴിഞ്ഞപ്പോൾ വലത് കണ്ണിന് കാഴ്ചയുണ്ടായിരുന്നില്ല. നീർക്കെട്ടാണ് കാരണമെന്നും രണ്ടുദിവസം കൊണ്ട് ശരിയാകുമെന്നും ഡോക്ടർമാർ പറഞ്ഞെങ്കിലും കാഴ്ച തിരിച്ചുകിട്ടാതായതോടെ കണ്ണ് ഡോക്ടറെ കാണാൻ നിർദ്ദേശിച്ചു.
പരിശോധനയിൽ കണ്ണിന്റെ റെറ്റിനയിലേക്ക് രക്തം പോകുന്ന ഞരമ്പിന് സർജറി സമയത്ത് ക്ഷതമേൽക്കുകയും റെറ്റിനയിലേക്കുള്ള രക്തപ്രവാഹം തടസപ്പെട്ട് രക്തം കട്ടപിടിച്ച് നിൽക്കുന്നുവെന്നും കണ്ടെത്തി. വീണ്ടും അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെത്തി രക്തം കട്ടപിടിച്ചത് അലിയിക്കാനുള്ള കുത്തിവയ്പ്പ് നല്കിയെങ്കിലും മാറ്റമില്ലാത്തതിനാൽ ഡിസ്ചാർജ് വാങ്ങി കോയമ്പത്തൂരിലെ അരവിന്ദ് കണ്ണാശുപത്രിയിൽ പരിശോധന നടത്തി.
അവിടെ നടന്ന പരിശോധനയിൽ കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടുവെന്നും ഞരമ്പ് ചികിത്സിച്ച് പഴയ രൂപത്തിൽ ഭേദമാക്കിയെടുക്കാൻ പറ്റാത്ത സ്ഥിതിയിലാണെന്നും വലത് മൂക്കിന്റെ വശത്തേക്കുള്ള കണ്ണിന്റെ ചലനശേഷി നഷ്ടപ്പെട്ടുവെന്നും ഡോക്ടർമാർ അറിയിച്ചു. രസ്‌ന അക്ഷയ കേന്ദ്രത്തിലാണ് ജോലി ചെയ്യുന്നത്. ഒരു കണ്ണിന് കാഴ്ച നഷ്ടമായതോടെ ജോലി ചെയ്യാൻ പ്രയാസമനുഭവിക്കുകയാണ്. ഈ സംഭവത്തെ കുറിച്ച് ഡോക്ടർമാരോടും കണ്ണൂർ മെഡിക്കൽ കോളേജ് അധികൃതരോടും സംസാരിച്ചുവെങ്കിലും തീർത്തും മോശമായാണ് പ്രതികരിച്ചതെന്ന് രസ്‌നയുടെ ബന്ധുക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനെ തുടർന്ന് മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി, ഡി.എം.ഒ എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ രസ്‌നയുടെ ഭർത്താവ് കെ.ഷജിൽ, പിതാവ് രാജൻ, സഹോദരൻ ടി.വി.ശ്രീജിത്ത്, തലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.രമേശൻ, സി.പി.എം അഞ്ചരക്കണ്ടി ഏരിയ കമ്മിറ്റി അംഗം കെ.രജിൻ എന്നിവർ പങ്കെടുത്തു.