mla

നീലേശ്വരം: നീലേശ്വരം ദ്വയാംഗമണ്ഡലത്തിൽ നിന്ന് ആദ്യ നിയമസഭയിലേക്ക് ഇ.എം.എസിനൊപ്പം വിജയിച്ച കല്ലളൻ വൈദ്യരുടെ സ്മരണയ്ക്ക് സാംസ്‌കാരിക സമുച്ചയം നിർമ്മിക്കുന്ന പ്രദേശം എം.രാജഗോപാലൻ എം.എൽ.എ,​സാംസ്‌കാരികവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ മഞ്ജു എന്നിവർ സന്ദർശിച്ചു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർ ടി.പി.ലത, മനോഹരൻ തുടങ്ങിയവർ ഒപ്പമുണ്ടായി. വടക്കേ മലബാറിലെ അറിയപ്പെടുന്ന ഒരു വിഷവൈദ്യനും, കർഷകസംഘ പ്രസ്ഥാനത്തിന്റെ സജീവ പ്രവർത്തകനുമായിരുന്ന കല്ലളൻ വൈദ്യർക്ക് ഉചിതമായ സ്മാരകം എന്ന നിലയിലാണ് പദ്ധതിവിഭാവനം ചെയ്തിട്ടുള്ളത്. പേരോൽ വില്ലേജിൽ ഇ.എം.എസ്.സ്റ്റേഡിയത്തിന് സമീപത്തായാണ് പദ്ധതി നടപ്പിലാക്കാനുള്ള സ്ഥലം കണ്ടെത്തിയിട്ടുള്ളത്. റവന്യു വകുപ്പിൽ നിന്ന് സ്ഥലം കൈമാറുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായും എം.എൽ.എ. അറിയിച്ചു.