
കാസർകോട്: പെരിയ, കല്യോട്ട് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ വിധി എറണാകുളം സി ബി ഐ കോടതി പ്രസ്താവിക്കുന്നത് മുൻനിർത്തി ജില്ലയിൽ കനത്ത സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തി. സംഘർഷം ഉണ്ടാകുന്നത് തടയാൻ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് പൊലീസിന്റെ തീരുമാനം.
കല്ല്യോട്ടെ സി പി എം, കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിൽ എടുക്കുന്നതുൾപ്പെടെ ആലോചിക്കുന്നുണ്ട്. പാർട്ടി ഓഫീസുകൾക്കും നേതാക്കളുടെ വ്യാപാര സ്ഥാപനങ്ങൾക്കും പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. പൊലീസ് ബന്തവസ് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ പെരിയ കല്ല്യോട്ട് പൊലീസ് റൂട്ട് മാർച്ച് നടത്തി. കല്ല്യോട്ട് മുതൽ എച്ചിലടുക്കം വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരത്തിൽ നടത്തിയ റൂട്ട് മാർച്ചിൽ 150 ഓളം പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ബേക്കൽ ഡിവൈ.എസ്.പി വി. വി മനോജ്, എ എസ് .പി ഡോ. അപർണ്ണ, ഇൻസ്‌പെക്ടർമാരായ കെ.പി ഷൈൻ ബേക്കൽ, സന്തോഷ് മേൽപറമ്പ്, രാജേഷ് അമ്പലത്തറ എന്നിവരും പത്ത് എസ്.ഐ മാരും റൂട്ട് മാർച്ചിന് നേതൃത്വം നൽകി. വെള്ളിയാഴ്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നതിന് ശേഷമായിരുന്നു പൊലീസ് റൂട്ട് മാർച്ച്.
മൊബൈൽ പട്രോളിംഗ്, പൊലീസ് പിക്കറ്റ്
ഇന്ന് രാവിലെ മുതൽ പൊലീസ് സംഘം പെരിയ കല്ല്യോട്ട് ഭാഗങ്ങളിൽ മൊബൈൽ പട്രോളിംഗ് നടത്തും. സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ കസ്റ്റഡിയിലെടുക്കും. പ്രധാന കേന്ദ്രങ്ങളിൽ പിക്കറ്റ് പോസ്റ്റും ഏർപ്പെടുത്തിയിട്ടുണ്ട്. കാസർകോട് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പയുടെ മേൽനോട്ടത്തിലായിരിക്കും പൊലീസ് സുരക്ഷാ സന്നാഹങ്ങൾ.
പെരിയ, കല്യോട്ട്, ഏച്ചിലടുക്കം തുടങ്ങിയ പ്രദേശങ്ങൾ കനത്ത പൊലീസ് നിരീക്ഷണത്തിലായിരിക്കും. ഈ പ്രദേശങ്ങളിൽ പൊലീസ് മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ബേക്കൽ ഡിവൈ.എസ്.പി വി വി മനോജ് പറഞ്ഞു.
2019ലെ ഫെബ്രുവരി 17ലെ ആ രാത്രി
2019 ഫെബ്രുവരി 17 ന് രാത്രിയിലാണ് കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരതാലും കൃപേഷും കൊല്ലപ്പെട്ടത്. തന്നിത്തോട്ട് വച്ച് സഞ്ചരിച്ചിരുന്ന ബൈക്കു തടഞ്ഞു നിർത്തി ഒരു സംഘം സി.പി.എം പ്രവർത്തകർ ഇരുവരെയും വെട്ടിക്കൊന്നുവെന്നാണ് കേസ്. തുടക്കത്തിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദ്ദേശപ്രകാരം സി ബി.ഐയ്ക്കു കൈമാറി. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ 14 പേരെയാണ് കേസിൽ പ്രതി ചേർത്തത്. സി പി. എം പെരിയ ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ.പീതാംബരൻ ആണ് കേസിലെ ഒന്നാം പ്രതി. സി.ബി.ഐ അന്വേഷണത്തിൽ സി പി എം നേതാക്കളായ കെ വി കുഞ്ഞിരാമൻ അടക്കം 10 പേരെ കൂടി പ്രതി ചേർത്തു.