nanayam

മാഹി: പ്രശസ്ത കളരിഗുരിക്കളും മർമ്മ ചികിത്സകനുമായിരുന്ന പള്ളൂരിലെ ശ്രീനിലയത്തിൽ പി.പി.രാജീവൻ ഗുരുക്കൾ തന്റെ സ്വകാര്യ ശേഖരത്തിൽ നിധി പോലെ സൂക്ഷിച്ചിരുന്നത് നൂറുകണക്കിന് അപൂർവനാണയങ്ങൾ. ഈയിടെ അദ്ദേഹത്തിന്റെ മരണശേഷം മാഹി പൊലീസിലെ സബ് ഇൻസ്പക്ടറായ ഭാര്യ ദീപയാണ് ഇങ്ങനെയൊരു നിധി ശേഖരത്തിന്റെ വിവരം പുറംലോകത്തോട് പറഞ്ഞത്. അപൂർവ നാണയങ്ങളോടുള്ള ഇഷ്ടം ആരുമറിയാതെ ജീവിതകാലം മുഴുവൻ സൂക്ഷിക്കുകയായിരുന്നു ഗുരുക്കൾ.ഗുരുക്കളുടെ ചികിത്സാമുറിയിലെ അലമാരയിൽ ആരാലും ശ്രദ്ധിക്കാത്ത നിലയിൽ കെട്ടിവച്ച നിലയിലായിരുന്നു ഈ അപൂർവശേഖരം.

വിവിധ രാജ്യങ്ങളിൽ പ്രചാരണത്തിലുള്ളവ തൊട്ട് നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളുമാണ് അദ്ദേഹം ഭദ്രമായി സൂക്ഷിച്ചിരുന്നത്. പതിനെട്ടാം നൂറ്റാണ്ട് തൊട്ടുള്ള നാണയത്തുട്ടുകൾ ഉൾപ്പടെ വിവിധ രാജാക്കന്മാരുടേയും വിദേശ രാജ്യങ്ങളുടേയും നൂറ് കണക്കിന് നാണയങ്ങളും കറൻസികളും ഗുരിക്കൾ തന്റെ സ്വകാര്യശേഖരത്തിൽ സൂക്ഷിക്കുകയായിരുന്നു.

വിവിധ നാട്ടുരാജാക്കന്മാരുടെ കാലത്ത് പ്രാബല്യത്തിലുണ്ടായിരുന്ന പണങ്ങളും ഈസ്റ്റ് ഇന്ത്യാ കമ്പനി നിർമ്മിച്ച നാണയങ്ങളും കൽപ്പണം, തലശ്ശേരി പണം. അണ, ഓട്ട മുക്കാൽ, വിക്ടോറിയ രാജ്ഞിയുടെ ചിത്രമുള്ള നാണയങ്ങൾ, പഴയ വെള്ളി,ചെമ്പ് നാണയങ്ങൾ, ചില്ലി തുടങ്ങിയവയും ഈ ശേഖരത്തിലുണ്ട്. ബർമ്മ ,സിംഗപ്പൂർ, മലേഷ്യ, അറബ് നാടുകൾ, ഫ്രാൻസ്, ശ്രീലങ്ക, ഇംഗ്ലണ്ട്, തുടങ്ങി ഒട്ടേറെ വിദേശ രാജ്യങ്ങളിലെ പ്രാബല്യത്തിലുള്ളതും ഇല്ലാത്തതുമായ കറൻസികളും ഈ അമൂല്യശേഖരത്തിൽ പെടുന്നു.