cbi

കാസർകോട്: രാഷ്ട്രീയ കോളിളക്കം സൃഷ്‌ടിച്ച പെരിയ ഇരട്ടകൊലപാതക കേസിന്റെ നിയമപോരാട്ടം നീണ്ടത് ആറു വർഷത്തോളം.14 പ്രതികൾ കുറ്റക്കാരെന്ന സി ബി ഐ കോടതി വിധി രാഷ്ട്രീയത്തിൽ തുടർചലനങ്ങൾ സൃഷ്ടിക്കും. പത്തുപേരെ വിട്ടയച്ചതിനാൽ കുടുംബവും കോൺഗ്രസ് നേതൃത്വവും നിയമപോരാട്ടം തുടരും. കുറ്റക്കാരെ വെറുതേ വി‌ടാനുള്ള നിയമപോരാട്ടം സി.പി.എമ്മും തുടങ്ങും.

2019 ഫെബ്രുവരി 17 ന് സന്ധ്യക്കാണ്‌ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനേയും കല്ല്യോട്ട് കൂരാങ്കര റോഡിൽ തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്..

ശരത് ലാലിനെ മംഗളുരു ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി മരിച്ചു. വെട്ടുകൊണ്ടു കുറെ ദൂരം ഓടി കുറ്റിക്കാട്ടിൽ വീണുകിടന്നിരുന്ന കൃപേഷിനെ ഏറെ വൈകിയാണ്പ്രവർത്തകർ കണ്ടെത്തി ആശുപത്രിയിൽ എത്തിക്കുന്നത്. അപ്പോഴേക്കും മരിച്ചിരുന്നു. ഇരുവർക്കും തലയിലും കഴുത്തിലും നെഞ്ചത്തുമായി 19 ലധികം മാരകമായ വെട്ടുകളുണ്ടായിരുന്നു. ശരത് ലാലിനുള്ള ക്വട്ടേഷൻ ആയിരുന്നു കൊലപാതകം. സുഹൃത്തിനെ ബൈക്കിൽ വീട്ടിൽ എത്തിക്കാൻ വന്ന കൃപേഷും അതിൽ അകപ്പെടുകയായിരുന്നു.

ഒന്നാം പ്രതിയായ പീതാംബരൻ ഉൾപ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും കെ. വി കുഞ്ഞിരാമൻ അടക്കമുള്ള 10 പ്രതികളെ സി ബി ഐ തിരുവനന്തപുരം യൂണിറ്റുമാണ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സിംഗിൾ ബഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദാക്കി സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചു. അപ്പീലിൽ സിംഗിൾ ബെഞ്ചിന്റെ വിധി ശരിവെച്ച ഡിവിഷൻ ബഞ്ച് കുറ്റപത്രം നിലനിർത്തി. സി.ബി.ഐയെ തടയാൻ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ പോയെങ്കിലും വിധി എതിരായി.

2023 ഫെബ്രുവരിയിലാണ് വിചാരണ തുടങ്ങിയത്. നടപടികൾ മുന്നോട്ടുപോകവേ ജഡ്ജി കെ. കമനിഷ് മാറി പകരം, ജഡ്ജി ശേഷാദ്രിനാഥൻ വന്നു

യൂത്ത് കോൺഗ്രസിന്റെ

വേരോട്ടം തടയാൻ

മുന്നാട് കോളേജിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘർഷത്തിന്റെ തുടർച്ചയായി നടന്ന ആക്രമണമെന്നാണ്പ്രോസിക്യൂഷൻ കേസ് . ഒരു മാസം മുമ്പ് കല്യോട്ട് ടൗണിൽ പീതാംബരനും വിഷ്ണു സുരയുമായി കൃപേഷും ശരത്തും ഏറ്റുമുട്ടിയിരുന്നു. ഇതിന്റെ വിരോധത്താലും യൂത്ത് കോൺഗ്രസിന്റെ വേരോട്ടം ചെറുക്കാനും കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു.

പതിനാറുപേർ

വിചാരണ തടവിൽ

ആദ്യം അറസ്റ്റിലായ 14 പേരിൽ കെ. മണികണ്ഠൻ, എൻ. ബാലകൃഷ്ണൻ ആലക്കോട് മണി എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേർ വിയ്യൂർ ജയിലിൽ കഴിയുകയായിരുന്നു. സി.ബി.ഐ അറസ്റ്റ് ചെയ്ത 10 പേരിൽ കെ. വി. കുഞ്ഞിരാമനും രാഘവൻ വെളുത്തുള്ളിയും ഉൾപ്പെടെ അഞ്ച് പേർക്കും ജാമ്യം ലഭിച്ചു. സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി. രാജേഷ് ഉൾപ്പെടെ 5 പേർ കാക്കനാട് ജയിലിലുമായിരുന്നു.