d

കണ്ണൂർ: ദുരൂഹസാഹചര്യത്തിൽ മരിച്ച എ.ഡി.എം നവീൻ ബാബു കൈക്കൂലി കൈപ്പറ്റിയതായുള്ള പരാതി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഇരിക്കൂർ മണ്ഡലം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി ടി.എൻ.എ. ഖാദർ നൽകിയ വിവരാവകാശ ചോദ്യത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിൽ മനംനൊന്ത് നവീൻ ജീവനൊടുക്കി എന്ന നിലയിലാണ് നിലവിലുള്ള കേസ്. പെട്രോൾ പമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നവീനെതിരെ ടി.വി. പ്രശാന്തൻ മുഖ്യമന്ത്രിക്ക് നൽകി എന്ന് പറയപ്പെടുന്ന കൈക്കൂലി ആരോപണ പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു പ്രാഥമിക ചോദ്യം.

പെട്രോൾ പമ്പ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് തന്നോട് 98,500 രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി ടി.വി. പ്രശാന്തൻ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്നും ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച് ടി.എൻ. ഖാദർ ആദ്യം നൽകിയ വിവരാവകാശ ചോദ്യത്തിന് മറുപടി നൽകിയിരുന്നില്ല. പരാതിയുടെ കൃത്യമായ കാലയളവില്ലാതെ മറുപടി നൽകാൻ കഴിയില്ല എന്നായിരുന്നു വിശദീകരണം.

ടി.വി. പ്രശാന്ത് മുഖ്യമന്ത്രിക്കയച്ചുവെന്ന് അവകാശപ്പെടുന്ന കത്തിലെ പൂർണ വിവരങ്ങൾ വച്ചായിരുന്നുവിവരാവകാശ അപേക്ഷ നൽകിയത്. ഇതുമായി ബന്ധപ്പെട്ട് വരുന്ന വ്യാജവാർത്തകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ, ഉണ്ടെങ്കിൽ അതിൽ നടപടി എടുത്തോ എന്നീ ചോദ്യങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നായിരുന്നു ആദ്യം നൽകിയ മറുപടി.

പ്രശാന്ത് പരാതിനൽകി എന്ന് പറയുന്ന തീയതിയുൾപ്പെടെ വച്ച് പിന്നീട് നൽകിയ അപ്പീൽ അപേക്ഷയിലാണ് കഴിഞ്ഞ ദിവസം മറുപടി ലഭിച്ചത്. പ്രശാന്തൻ നൽകിയെന്ന് പറയുന്ന പരാതി മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചിട്ടില്ലെന്ന് വ്യക്തമായതോടെ പി.പി. ദിവ്യയുടെ മുഖം രക്ഷിക്കാൻ പ്രചരിപ്പിക്കപ്പെട്ട പരാതിയുടെ പകർപ്പ് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. എന്നാൽ, വ്യാജ പരാതിക്ക് പിന്നിൽ പ്രവർത്തിച്ച കേന്ദ്രങ്ങളിലേക്ക് ഇതുവരെ അന്വേഷണം നീണ്ടിട്ടില്ല. ഒക്ടോബർ 10ന് നൽകിയെന്ന തരത്തിലുള്ള പരാതിയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെട്ടത്. നവീൻ ബാബു ആത്മഹത്യചെയ്തത് ഒക്‌ടോബർ 15നാണ്. പരാതി നൽകിയെന്ന് ആവർത്തിക്കുമ്പോഴും പരാതി നൽകിയാൽ ലഭിക്കുന്ന രസീത് ഹാജരാക്കാൻ പ്രശാന്തന് സാധിച്ചിരുന്നില്ല.