
കണ്ണൂർ: ബംഗ്ളൂരു, ചെന്നൈ എന്നിവയടക്കമുള്ള നഗരങ്ങളിൽ നിന്ന് പുതുവർഷാവധിക്ക് നാട്ടിലെത്താൻ മാർഗമില്ലാതെ മലയാളികൾ. നിലവിൽ കേരളത്തിലേക്കുള്ള ട്രെയിനുകൾക്കൊന്നും ടിക്കറ്റ് ലഭ്യമല്ല. മലബാറിൽ നിന്നും തെക്കൻ ജില്ലകളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കും സമാനമായ അവസ്ഥയാണ്. തിരക്കിന് പുറമെ ടിക്കറ്റ് നിരക്ക് ഇനിയും കൂടുമെന്ന ആശങ്കയും നിലവിലുണ്ട്.
ശബരിമല സീസണും നാലിന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന കലോത്സവവുമെല്ലാം കൊണ്ടും തിരുവനന്തപുരം വണ്ടിക്ക് വൻ തിരക്കാണ്. പലരും ടിക്കറ്റ് കിട്ടാതെ നെട്ടോട്ടത്തിലാണ്.ക്രിസ്മസും ന്യൂയർ ആഘോഷവും കഴിഞ്ഞ് മറ്റ് സംസ്ഥാനങ്ങളിലേക്ക് തിരിച്ചു പോകേണ്ടവരുടെ അവസ്ഥയും വ്യത്യസ്തമല്ല. മലയാളികൾ ധാരാളമുള്ള ബംഗളൂരു ,ചെന്നെ ഒന്നും ടിക്കറ്റില്ല.ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, മൈസൂർ, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് കൂടുതൽ യാത്രക്കാരുള്ളത്. ഈ യാത്രക്കാരെല്ലാം വലിയതോതിൽ തോതിൽ പാടുപെടും. സ്വന്തം വാഹനമുള്ളവർ വൻതുകയ്ക്ക് ഇന്ധനം നിറച്ച് നാട് പിടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.
വെയിറ്റിംഗിലാണ്
മലബാറുകാർക്ക് ആശ്വാസമായ കണ്ണൂർ-ബംഗളൂരു എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് എന്നീ ട്രെയിനുകളിൽ നേരത്തെ ബുക്ക് ചെയ്തവർ തന്നെ വെയിറ്റിംഗ് ലിസ്റ്റിലാണ്. ചെന്നൈ നിന്നുള്ള അവസ്ഥയും ഇതുതന്നെ. എ.സി ടിക്കറ്റുകളിലടക്കം വെയിറ്റിംഗ് ലിസ്റ്റ് നൂറിന് മീതെയാണ്. അൺ റിസർവ്ഡ് ടിക്കറ്റെടുക്കാമെന്നു കരുതിയാൽ രണ്ടും മൂന്നും ജനറൽ കമ്പാർട്ടുമെന്റുകൾ മാത്രമാണ് ട്രെയിനുകളിലുള്ളത്. തിരക്കുമൂലം പ്രായമായവർക്കും കുട്ടികൾക്കും ഇതിൽ കയറാനാവില്ല. മംഗളൂരു വഴി സർവിസ് നടത്തുന്ന ബാംഗളൂരു-കണ്ണൂർ എക്സ്പ്രസ് കോഴിക്കോട്ടേക്ക് നീട്ടണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും റെയിൽവേ ചെവികൊണ്ടിട്ടില്ല.
അവധി മുതലെടുത്ത് വർദ്ധനവും
അവധി മുതലെടുക്കാനായി ബസ്, ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്ക് ഇരട്ടിയോളം വർദ്ധിപ്പിച്ചിരിക്കുകയാണ്. സാധാരണ ദിവസങ്ങളിൽ ബംഗളൂരു-കണ്ണൂർ ബസ് ടിക്കറ്റ് നിരക്ക് 800 മുതൽ ആയിരം രൂപവരെയാണ്. സ്ലീപ്പർ ബസുകളിൽ 1200 വരെയും. ക്രിസ്മസ് അവധിക്ക് ഈ നിരക്കുകൾ ഇരട്ടിയിലേറെ വർദ്ധിച്ചിരുന്നു.സ്വകാര്യ ബസുകളിൽ തിരക്കുള്ള സമയങ്ങളിൽ രണ്ടും മൂന്നും ഇരട്ടിയായിരിക്കും ടിക്കറ്റ് നിരക്ക്.കണ്ണൂരിലേക്ക് ഫ്‌ളൈറ്റ് ടിക്കറ്റ് നിരക്കിലും വൻ വർദ്ധനവാണ്. എട്ടായിരം മുതൽ പതിനായിരം വരെയാണ് നിലവിൽ ഈടാക്കുന്നത്.