mvb

കാസർകോട്: പെരിയയിൽ കൊലപാതകം നടന്നപ്പോഴും, പിന്നീട് സി.ബി.ഐ കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴും സി.പി.എമ്മിനെതിരെ വലിയ തോതിലുള്ള പ്രചാരണമാണ് കോൺഗ്രസ്സും മറ്റ് വലതുപക്ഷ ശക്തികളുമെല്ലാം നടത്തിയതെന്ന് സി. പി.എം ജില്ലാ സെക്രട്ടറി എം.വിബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു. സത്യത്തിന് നിരക്കാത്ത ആരോപണങ്ങളുടെ ശക്തമായ പെരുംമഴയാണ് അന്ന് സൃഷ്ടിച്ചെടുത്തത്. ഈ സംഭവത്തിൽ പാർടിക്ക് യാതൊരു പങ്കുമില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്. എന്നാൽ കേസ് സി.ബി.ഐ ഏറ്റെടുത്ത ശേഷംകെ.വി.കുഞ്ഞിരാമനടക്കമുള്ള നേതാക്കളെ പ്രതി ചേർത്തപ്പോഴാണ് ഈ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിൽ പാർടി ഈ കേസിൽ നിയമവഴി തേടിയത്. കോൺഗ്രസുകാരും മറ്റും പറയുന്ന കാര്യങ്ങൾ സിബിഐ കോടതി മുഖവിലക്കെടുത്തില്ലെന്നതാണ് വിധിയിലൂടെ പ്രാഥമികമായി വ്യക്തമാകുന്നത്. സി.പി.എം നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന സി.ബി.ഐയുടെയും വലതുപക്ഷ ശക്തികളുടെയും ആരോപണം കോടതി വിധിയോടെ പാളിപ്പോയി. കെ വി കുഞ്ഞിരാമനടക്കമുള്ള നേതാക്കൾക്ക് ഉടൻ ജാമ്യം ലഭിച്ചത് അതിനാലാണ്.

സംഭവത്തിന്റെ തുടക്കം തൊട്ട് പാർടിക്ക് ഇതിൽ പങ്കില്ല എന്ന നിലപാട് ശരിവെക്കുകയാണ് കോടതിവിധിയിൽ. എന്നിട്ടും പാർടിയുടെ തലയിൽ കുറ്റം കെട്ടിവക്കാനുള്ള കുത്സിത ശ്രമമാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ കോൺഗ്രസുകാർ ഇപ്പോഴും നടത്തുന്നത്. അതിന്റെ പേരിൽ നേതൃത്വത്തെയാകെ കളങ്കിതപ്പെടുത്തി താറടിച്ച് കാട്ടാൻ ശ്രമിക്കുന്നത് അംഗീകരിക്കില്ല. ശിക്ഷാവിധി വിശദമായി പഠിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്നും എം വി ബാലകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.