
കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ തെളിവുകൾ സംരക്ഷിക്കണമെന്ന കുടുംബത്തിന്റെ ഹർജി തീർപ്പാക്കി. പ്രത്യേക അന്വേഷണ സംഘാംഗം കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ശ്രീജിത്ത് കൊടേരിയുടെ റിപ്പോർട്ട് പരിഗണിച്ചാണിത്. ആവശ്യമായ തെളിവുകൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് റിപ്പോർട്ട് നൽകി.
നവീന്റെ ഫോൺ രേഖകൾ ഉൾപ്പെടെ സംരക്ഷിക്കണമെന്നും മറ്റു ഏജൻസികൾ കേസ് അന്വേഷണം നടത്തുകയാണെങ്കിൽ അതു ആവശ്യമായി വരുമെന്നായിരുന്നു നവീന്റെ ഭാര്യ കെ. മഞ്ജുഷ നൽകിയ ഹർജിയിൽ പറയുന്നത്. കണ്ണൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി പരിഗണിച്ചത്. കേസിൽ ഹർജിക്കാരുടെ വാദം കോടതി നേരത്തേ കേട്ടിരുന്നു. ഫോൺ വിശദാംശങ്ങൾ കോടതിയിൽ സമർപ്പിക്കുന്നതിൽ എതിർപ്പില്ലെന്ന് കണ്ണൂർ കളക്ടർ അറിയിച്ചിരുന്നു. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ,കണ്ണൂർ കളക്ടർ അരുൺ കെ.വിജയൻ,പെട്രോൾ പമ്പിന് അപേക്ഷ നൽകിയ ടി.വി. പ്രശാന്തൻ എന്നിവരുടെ മൊബൈൽ ഫോൺ വിശദാംശങ്ങൾ,സംഭവം നടന്ന ദിവസത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ എന്നിവ സംരക്ഷിക്കണമെന്നായിരുന്നു ഹർജിയിൽ ആവശ്യപ്പെട്ടത്.