
പ്രകടനങ്ങൾ ഒഴിവാക്കിയത് മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻസിംഗിന്റെ മരണത്തെ തുടർന്ന്
പെരിയ: പെരിയ ഇരട്ടക്കൊലക്കേസിൽ കോടതി വിധി പുറത്തുവന്ന ദിവസം കല്ല്യോട്ട് ഗ്രാമം ശാന്തമാണ്. ഇന്നലെ രാവിലെ മുതൽ കോടതി വിധിക്ക് മുമ്പ് കോൺഗ്രസ് പ്രവർത്തകരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ആകാംക്ഷയും ആശങ്കയുമായി കഴിഞ്ഞിരുന്നു.
കല്ല്യോട്ടെ സ്‌മൃതി മണ്ഡപത്തിലാണ് എല്ലാവരും കേന്ദ്രീകരിച്ചിരുന്നത്.ശരത് ലാലിന്റെയും കൃപേഷിന്റേയും അച്ഛന്മാരും സഹോദരിമാരും എറണാകുളം കോടതിയിൽ ആയിരുന്നു. വിധി പറത്തുവന്നതിന് ശേഷം അമ്മമാരും കോൺഗ്രസ് പ്രവർത്തകരും സ്‌മൃതി മണ്ഡപത്തിൽ ഒത്തുചേർന്ന ശേഷം മടങ്ങിപോയി. കല്ല്യോട്ട്, എച്ചിലടുക്കം, പെരിയ പ്രദേശങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ കനത്ത ജാഗ്രതയിലായിരുന്നു.
മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ദുഃഖാചരണം കർശനമായി നടപ്പിലാക്കണമെന്ന നിർദ്ദേശം നൽകിയതിനാൽ കോടതി വിധിയിൽ ആഹ്ളാദ പ്രകടനമോ പ്രതിഷേധ പ്രകടനമോ ഉണ്ടായില്ല. അതേസമയം പ്രതികൾക്ക് വേണ്ടി സി. ബി. ഐ കോടതിയിൽ പ്രതികൾക്ക് വേണ്ടി ഹാജരായ ക്രിമിനൽ അഭിഭാഷകൻ സി.കെ.ശ്രീധരന്റെ കാഞ്ഞങ്ങാടുള്ള വീടിന് പൊലീസ് കനത്ത സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. സി കെയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും പടക്കം പൊട്ടിക്കുമെന്നുമുള്ള സൂചനയെ തുടർന്നായിരുന്നു പൊലീസ് മുന്നൊരുക്കം നടത്തിയത്.