perumba

പയ്യന്നൂർ : ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്‌കരണത്തിന് പെരുമ്പ ജി.എം.യു.പി. സ്‌കൂളിന് സമീപം നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു പതിനയ്യായിരം രൂപ പിഴ ചുമത്തി.പെരുമ്പ ജി.എം.യു.പി. സ്‌കൂളിൽ സപ്തദിന ക്യാമ്പിൽ പങ്കെടുക്കുവാൻ എത്തിയ വെള്ളൂർ ജി.എച്ച്.എസ് സ്‌കൂൾ എൻ. എസ്.എസ് വിദ്യാർത്ഥികൾ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന് നൽകിയ പരാതിയിലാണ് നടപടി. കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഏരിയയിൽ കറുത്ത നിറത്തിലുള്ള മലിനജലം കെട്ടികിടക്കുന്നതായും കൊതുകും കൂത്താടിയും പെറ്റുപെരുകി സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും കണ്ടെത്തി. പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി.അഷ്റഫ് , സ്‌ക്വാഡ് അംഗം അലൻ ബേബി, സി.കെ.ദിബിൽ , പയ്യന്നൂർ നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ഒ.കെ.ശ്യാം കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.