കാസർകോട്: പെരിയ കല്ല്യോട്ട് ഇരട്ടകൊലപാതക കേസിൽ എറണാകുളം സി.ബി.ഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠനും കാസർകോട് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കൂടിയായ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനും തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിയേണ്ടി വരില്ലെന്ന് സൂചന.
ക്രിമിനൽ കേസുകളിൽ രണ്ടുവർഷമോ അതിൽ കൂടുതലോ കോടതി ശിക്ഷ വിധിച്ചാൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്ന് അയോഗ്യരാക്കപ്പെടുമെന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പുകളിൽ പറയുന്നത്. ഇതു സംബന്ധിച്ച് സി.പി.എം കേന്ദ്രങ്ങളിൽ ആശയകുഴപ്പം ഉണ്ടെങ്കിലും ഇരുവരും ശിക്ഷിക്കപ്പെട്ടാലും താരതമ്യേന ചെറിയ കുറ്റകൃത്യമാണെന്ന് കോടതി തന്നെ പറഞ്ഞതിനാൽ സ്ഥാനത്തുനിന്ന് അയോഗ്യരാക്കപ്പെടുന്ന സാഹചര്യം കുറവാണെന്ന് നിയമവൃത്തങ്ങൾ സൂചന നൽകുന്നു.
അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്ത രണ്ടാം പ്രതിയെ ബേക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ബലമായി ഇറക്കികൊണ്ടുപോയി എന്ന കുറ്റത്തിന് ഐ.പി.സി 225 വകുപ്പുകൾ ആണ് ഇവർക്ക് എതിരായി ചുമത്തിയിട്ടുള്ളത്. ആറു മാസം മുതൽ രണ്ടു വർഷം വരെ മാത്രം തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പാണിത്. നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണെങ്കിൽ അതിൽ കൂടുതൽ ശിക്ഷ വിധിക്കാനുള്ള സാദ്ധ്യത കുറവാണ്.
മണികണ്ഠന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ 11 മാസം കാലാവധിയുണ്ട്. മണികണ്ഠൻ ഒഴിയുന്ന സാഹചര്യം ഉണ്ടായാൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കാൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വിജയൻ ഉദുമ, അബ്ദുൽ റഹ്‌മാൻ മടിക്കൈ എന്നിവരാണുള്ളത്. ബ്ലോക്കിൽ എൽ.ഡി.എഫിന് ഒമ്പതും യു.ഡി.എഫിന് നാലും മെമ്പർമാരാണുള്ളത്.
അപ്പീലും തുണയാകും
എന്തായാലും കേസിൽ മേൽക്കോടതിയിൽ അപ്പീൽ പോകാനുള്ള തയ്യാറെടുപ്പുകൾ സി.പി.എം പൂർത്തിയാക്കിയിട്ടുമുണ്ട്. കോടതി വിധി വരുന്ന ദിവസമോ അടുത്ത ദിവസമോ അപ്പീൽ നൽകും. അപ്പീൽ നൽകി കഴിഞ്ഞാൽ ഔദ്യോഗിക സ്ഥാനങ്ങൾ ഒഴിയുന്നതിന് അന്തിമ വിധി വരേണ്ടിവരും.
ധാർമ്മികതയുടെ പേരിൽ ഒഴിയാം
കൊലക്കേസിൽ ശിക്ഷിക്കപ്പെട്ടു എന്നതിനാൽ ധാർമ്മികതയുടെ പേരിൽ ഇവർക്ക് സ്വയം സ്ഥാനങ്ങൾ ഒഴിയാൻ തടസങ്ങളില്ല. പാർട്ടിയുടെ അനുമതി മാത്രമാണ് തേടേണ്ടത്. പെരിയ കേസിൽ നിലവിൽ ജാമ്യത്തിൽ തുടരുന്ന ഇവർക്കുള്ള ശിക്ഷ ജനുവരി മൂന്നിന് വെള്ളിയാഴ്ച വിധിക്കുമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
കോൺഗ്രസ് പ്രക്ഷോഭത്തിന്
അതേസമയം മണികണ്ഠൻ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനമെന്ന് അറിയുന്നു. മുൻ പ്രധാനമന്ത്രിയുടെ നിര്യാണത്തെ തുടർന്നുള്ള ദുഃഖാചരണം തീരുന്നത് ജനുവരി മൂന്നിന് കോടതി ശിക്ഷ വിധിക്കുന്ന ദിവസമാണ്. ശിക്ഷാവിധിക്ക് പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് ഉണ്ടാകും.