kulam-
ആലൂർ അണക്കെട്ട് കുളം

ബോവിക്കാനം (കാസർകോട്): കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം പരമ്പരാഗത കുടിവെള്ള സ്രോതസ്സും കുളങ്ങളും കിണറുകളും പൊതുവായതോ സ്വകാര്യമായതോ ആയ നീരുറവ സംരക്ഷിക്കുക എന്നത് പഞ്ചായത്തുകളുടെ ചുമതലയും ഉത്തരവാദിത്വവും അനിവാര്യ ചുമതലയുമാണ്. എന്നാൽ വേനൽ കാലത്ത് മിക്ക കിണറും കുളവും മറ്റും വറ്റി വരളുമ്പോൾ 60 വർഷമായി ഉറവ വറ്റാത്ത ഒരു കുളമുണ്ട് മുളിയാർ ഗ്രാമ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ആലൂർ മൈക്കുഴി അണക്കെട്ട് കുളം.

1964 ൽ ഏകദേശം 60 വർഷം മുമ്പ് ചെറിയൊരു നീരുറവയായി ഒലിച്ചിരുന്ന ഈ ചെറിയ കുളം സർക്കാർ അന്ന് കരിങ്കല്ല് കൊണ്ട് തടാകം നിർമ്മിച്ചു അണക്കെട്ട് കെട്ടി ഒരു കുളമാക്കി വികസിപ്പിച്ചെടുത്തതാണ്. ഇപ്പോൾ 22 മീറ്റർ നീളവും 13 മീറ്റർ വീതിയും നല്ല ആഴത്തിലുള്ള ശുദ്ധ ജലവും ഇന്നും നാട്ടുകാർ വൃത്തിയോടെ ഉപയോഗിച്ചു വരുന്നു. കൊടും വേനൽ കാലത്ത് പോലും ഈ പൊതുകുളത്തിലെ വെള്ളം വറ്റാറില്ല. ഇപ്പോഴും ഈ കുളത്തിലെ വെള്ളം ഒലിച്ചു പോകുന്നു. സമീപവാസികൾ വെള്ളം കൃഷി ആവശ്യത്തിനും കുടിക്കാനും ഉപയോഗിച്ചു വരുന്നു.

നാട്ടിലെ കുട്ടികൾക്ക് രക്ഷിതാക്കൾ നീന്തൽ പഠിപ്പിക്കുന്നതും ഈ കുളത്തിലാണ്. പണ്ട് കാലം മുതൽക്കേ കുടിവെള്ളാവശ്യത്തിനും കൃഷി ആവശ്യത്തിനും മറ്റും ചാല് വഴിയും പൈപ്പ് വഴിയും ഈ കുളത്തിലെ ശുദ്ധ ജലം കർഷകരും സ്ത്രീകൾ വസ്ത്രം അലക്കാനും ഉപയോഗിച്ച് വരുന്നുണ്ട്. ആലൂർ പി ഡബ്ല്യൂ. ഡി റോഡിന് സമീപത്തുള്ള ഈ കുളം പലർക്കും ഉപയോഗമുള്ള ജല സ്രോതസ്സാണ്. എന്നാൽ ഇതുവരെയായും ജലവിഭവ വകുപ്പോ പഞ്ചായത്തോ ഈ കുളം ശുദ്ധീകരിക്കുകയോ ചെളി വൃത്തിയാക്കി ചുറ്റുമതൽ കെട്ടി സംരക്ഷിക്കുകയോ നവീകരിക്കുകയോ ചെയ്തിട്ടില്ല. കാടുകളും ചെളിയും നിറയുമ്പോൾ അത് വെട്ടി ചെളി നീക്കി ക്ളീൻ ചെയ്യുന്നതും നാട്ടുകാരാണ്. അത് കാരണം ഈ കുളത്തിലെ വെള്ളം മലിനമാവാതെ ഇന്നും നില നിൽക്കുന്നു.

സംരക്ഷണം ഒരുക്കണം

ഈ കുളം വൃത്തിയാക്കി വെള്ളം കെട്ടി നിറുത്തിയാൽ ഒരു നാടിന് തന്നെ ഈ കുളത്തിലെ വെള്ളം മതിയാകുമെന്നും അതിന് വേണ്ട നടപടി പഞ്ചായത്ത് ചെയ്യണമെന്നും കഴിഞ്ഞ ആഴ്ച ചേർന്ന പതിമൂന്നാം വാർഡ് മുളിയാർ ഗ്രാമ സഭയിൽ പൊതു പ്രവർത്തകനായ ആലൂർ ടി.എ മഹ് മൂദ് ഹാജി ആവശ്യപെട്ടിരുന്നു. ഈ പൊതുകുളം വൃത്തിയാക്കി ചുറ്റു ഭിത്തിയും നടയും നിർമ്മിച്ച് കൂടുതൽ സൗകര്യപ്രദമാക്കി നവീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് ഇദ്ദേഹം കാസർകോട് ജില്ലാ കളക്ടർക്കും കേരള ജലവിഭവ മന്ത്രിക്കും മുളിയാർ പഞ്ചായത്തിനും അയച്ച വിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.