തൃക്കരിപ്പൂർ: സൈക്ലിംഗിൽ ഒരു വർഷം കൊണ്ട് 15,000 കിലോമീറ്റർ പിന്നിട്ട് തൃക്കരിപ്പൂർ സൈക്ലിംഗ് ക്ലബിൽ നിന്ന് രണ്ടുപേർ. പ്രതിമാസം ശരാശരി 1,250 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ഈ നേട്ടം കൈവരിച്ചത്. സൈക്ലിംഗ് ക്ലബ് പ്രസിഡന്റ് കൂടിയായ ടി.എം.സി.ഇബ്രാഹിം, മെമ്പർ അബ്ദുൽ ഹക്കീം അപ്സര എന്നിവരാണ് ചിട്ടയായ പരിശ്രമത്തിലൂടെ 15,000 ക്ലബിൽ ഇടം നേടിയത്. ക്ലബിന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രതിദിന റൈഡുകളുടെ ഭാഗമായാണ് ഇരുവരും സൈക്കിൾ ഓടിക്കുന്നത്.
മൃഗസംരക്ഷണ വകുപ്പിൽ ഫീൽഡ് ഓഫീസറായ ഇബ്രാഹിം 285 റൈഡുകളിലൂടെയാണ് 16,300 കിലോമീറ്റർ പിന്നിട്ടത്. ഇതിന് 710 മണിക്കൂർ വേണ്ടിവന്നു. ഇതിൽ 41,364 മീറ്റർ കയറ്റവും ഉൾപ്പെടുന്നു. ചുരുങ്ങിയത് 50 കിലോമീറ്ററാണ് ഒരു ദിവസം പിന്നിടുന്ന ദൂരം. സൈക്ലിംഗ് പതിവാക്കിയ 2018 മുതൽ എല്ലാവർഷവും പതിനായിരം കിലോമീറ്റർ നേട്ടം കൈവരിച്ചിട്ടുണ്ട്. ആറുവർഷം കൊണ്ട് ആകെ പിന്നിട്ടത് 65,000 കിലോമീറ്ററാണ്.
ചെറുവത്തൂരിൽ വസ്ത്ര വ്യാപാരിയായ തായിനേരിയിലെ അബ്ദുൽ ഹക്കീം ഒന്നര വർഷം മുമ്പാണ് സൈക്ലിംഗിലേക്ക് എത്തിയത്. വ്യായാമത്തിനായി ആരംഭിച്ച സൈക്കിൾ സവാരി ഇപ്പോൾ ജീവിതത്തിന്റെ ഭാഗമായി. 15,100 കിലോമീറ്റർ പിന്നീടാൻ ഹക്കീം 200 റൈഡുകൾ ചെയ്തു. ഇതിനായി 807 മണിക്കൂർ വിനിയോഗിച്ചു. 38,232 മീറ്ററാണ് ആകെ താണ്ടിയ കയറ്റം.
.