 
കണ്ണൂർ: വൃക്ഷ രാജാവിന് ഏഴു പ്രദക്ഷിണവുമായി അശ്വത്ഥ നാരായണ പൂജ നടത്തി തൂണോളിലൈൻ ചെട്ടിയാർകുളം വാസികൾ. കണ്ണൂർ റെയിൽവേ സ്റ്റേഷനു വടക്കുപടിഞ്ഞാറുള്ള ചെട്ടിയാർകുളം തൂണോളി ലൈനിൽ താമസിക്കുന്ന നഗരവാസികളുടെ കൂട്ടായ്മയായ തൂണോളി ലൈൻ അരയാൽത്തറ മുത്തപ്പൻ കമ്മിറ്റിയാണ് ആണ്ടു മുത്തപ്പൻ വെള്ളാട്ടത്തോടനുബന്ധിച്ച് ചടങ്ങ് ഒരുക്കിയത്.
തുളസീദളമാലയും പുഷ്പമാല്യങ്ങളും കുരുത്തോലയുംചാർത്തി അലങ്കരിച്ച അരയാലും തറയും പരിസരവും തീർത്ഥനീർ തെളിച്ച് അഭിഷേകം നടത്തി. കുട്ടികളടക്കമുള്ള കൂട്ടായ്മ ഏഴു പ്രദക്ഷിണം നടത്തി വൃക്ഷ രാജാവിനെ നമസ്കരിച്ചു. ആഗോള താപനമടക്കമുള്ള കാലാവസ്ഥാ വ്യതിയാനങ്ങളെയും പകർച്ചവ്യാധികളെയും പ്രതിരോധിക്കാൻ അരയാൽ വൃക്ഷ സംരക്ഷണത്തിലൂടെ സാധിക്കുമെന്ന് ആധുനിക സമൂഹത്തെ ഓർമ്മപ്പെടുത്താനാണ് കണ്ണൂർ നഗരവാസികളുടെ കൂട്ടായ്മ ഇത്തരമൊരു ചടങ്ങ് നടത്തിയത്.
പ്രദേശത്ത് നൂറ്റാണ്ടായി പടർന്നു പന്തലിച്ചു നിൽക്കുന്ന അരയാലിനു ചെങ്കൽത്തറ കെട്ടി സംരക്ഷിക്കാൻ മുൻകൈ എടുത്തത് തൂണോളി ലൈൻ അരയാൽത്തറ മുത്തപ്പൻ ദേവസ്ഥാന കമ്മറ്റിയാണ്. പത്തുവർഷം മുമ്പാണ് തറ സമർപ്പിച്ചത്. അരയാൽത്തറയ്ക്കു ഏതാനും മീറ്റർ അകലെയുള്ള നാശോന്മുഖമായ ചെട്ടിയാർകുളം, സർക്കാർ സഹായത്തോടെ ചെങ്കല്ലു കെട്ടി മനോഹരമാക്കിയതും കണ്ണൂർ തൂണോളിലൈൻ കൂട്ടായ്മയായിരുന്നു.
ഇരിങ്ങാലക്കുട ഗുരുപഥം ആചാര്യൻ പി.കെ. ഗോപാലകൃഷ്ണൻ തന്ത്രി കാർമ്മികത്വം വഹിച്ചു. രാവിലെ നടന്ന സത്സംഗം തന്ത്രി ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മുരളീകൃഷ്ണൻ, വേദാന്ത സത്സംഗ വേദി ഉപാദ്ധ്യക്ഷൻ പി.കെ. ഗോവിന്ദൻ, സെക്രട്ടറി എം.വി. ശശിധരൻ, ഫോട്ടോ ജേർണലിസ്റ്റ് എസ്.കെ. മോഹൻ, രാജേശ്വരിയമ്മ എന്നിവർ പ്രസംഗിച്ചു. വൈകീട്ട് അരയാൽത്തറ ആണ്ടു മുത്തപ്പൻ വെള്ളാട്ടവും നടന്നു.