hospital
പേരാവൂർ താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗം

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം രാത്രി എട്ടു മണിവരെയാക്കി ചുരുക്കി. ഡോക്ടർമാരുടെ അപര്യാപ്തത മൂലം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാത്രി 8 മണി വരെ മാത്രമേ അത്യാഹിത വിഭാഗം പ്രവർത്തിക്കുകയുള്ളു എന്നാണ് ഇന്നലെ ആശുപത്രി സൂപ്രണ്ട് അറിയിച്ചത്.

പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പേരാവൂർ, കേളകം, കണിച്ചാർ, കൊട്ടിയൂർ, മാലൂർ, കോളയാട്, മുഴക്കുന്ന് പഞ്ചായത്തുകളിലെ പട്ടികവർഗ്ഗ വിഭാഗങ്ങൾ ഉൾപ്പെടെയുള്ള നിരവധി പേർ ദിനംപ്രതിയെന്നോളം ഗുണനിലവാരമുള്ള ചികിത്സക്കായി ആശ്രയിക്കുന്നത് പേരാവൂർ താലൂക്ക് ആശുപത്രിയെയാണ്.
ഒ.പി സമയം കഴിഞ്ഞും നൂറുകണക്കിനു രോഗികളാണ് അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടിയെത്തുന്നത്. പനി ബാധിച്ച് അവശനിലയിലായ കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരെയും അപകടങ്ങളിൽ പരിക്കേറ്റ് അടിയന്തര ചികിത്സ വേണ്ട രോഗികളെയും അത്യാഹിത വിഭാഗത്തിലെത്തിച്ച് ചികിത്സ തേടുകയും ആവശ്യമെങ്കിൽ വിദഗ്ദ ചികിത്സക്കായി മറ്റ് ആശുപത്രികളലേക്ക് മാറ്റുകയുമാണ് ചെയ്തിരുന്നത്. ദിനം പ്രതി ആയിരത്തിലധികം രോഗികളാണ് ഒ.പി യിലും അത്യാഹിത വിഭാഗത്തിലും എത്തി ചികിത്സ തേടിയിരുന്നത്. അതുകൊണ്ടുതന്നെ
അത്യാഹിത വിഭാഗം രാത്രി എട്ടുമണി വരെയാക്കി നിയന്ത്രിക്കുന്നത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.


ഡോക്ടർമാരുടെ അപര്യാപ്തതമൂലം താത്കാലികമായി മാത്രമാണ് അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം ചുരുക്കിയത്.
ആവശ്യത്തിന് ഡോക്ടർമാരെ ലഭിക്കുന്നതിനായി എല്ലാവിധ ഇടപെടലും നടത്തിയിട്ടുണ്ട്. ആശുപത്രിയിലേക്ക് സേവനമനുഷ്ഠിക്കാൻ ഡോക്ടർമാർ എത്തിയാൽ അപ്പോൾ തന്നെ അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം പൂർവ്വസ്ഥിതിയിലാക്കും.

ആശുപത്രി സൂപ്രണ്ട്

കിടത്തി ചികിത്സയും

മുടങ്ങുമോ?

താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കിയില്ലെങ്കിൽ രാത്രികാലങ്ങളിൽ കിടത്തി ചികിത്സയെ പോലും ബാധിച്ചേക്കാം. ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്നതിനായി എച്ച്.എം.സിയും
ജനപ്രതിനിധികളും രാഷ്ട്രീയ ഭേദമന്യേ പരിശ്രമിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.