
നീലേശ്വരം: ഐങ്ങോത്ത് ദേശീയപാതയിൽ നക്ഷത്ര ഓഡിറ്റോറിയത്തിന് സമീപം കാറും കെ.എസ്.ആർ.ടി.സി ബസ്സുമായി കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. ജപ്പാനിൽ ജോലി ചെയ്യുന്ന കണിച്ചിറയിലെ കല്ലായി കുടുംബാംഗം ലത്തീഫിന്റെ മക്കളായ ലഹക്ക് സൈനബ (12), സൈനുൾ റൂഹ്‌മാൻ (6) എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ ലത്തീഫിന്റെ ഭാര്യ സുഹറബി (40), മക്കളായ ഫായിസ് അബൂബക്കർ (20), ഷെറിൻ (22), മിസബ് (3) എന്നിവരെ കണ്ണൂരിലെ മിംസ് ആശുപത്രിയിലും പരിക്കേറ്റ ബസ് യാത്രക്കാരായ സൂര്യ, അനിൽ, ഹരിദാസ് എന്നിവരെ കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സുഹറബിയുടെ മേൽപറമ്പിലെ വീട്ടിൽ നിന്നും കെ.എൽ 13 ടി 5355 നമ്പർ കാറിൽ കണിച്ചിറയിലേക്ക് വരുന്നതിനിടെയാണ് കാസർകോട്ടേക്ക് പോവുകയായിരുന്ന ബസ്സുമായി ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കൂട്ടിയിടിച്ചത്. ഫായിസ് അബൂബക്കറായിരുന്നു കാറോടിച്ചിരുന്നത്.
കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. സതീഷ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ കെ.എം. ഷിജു, ജി.എ. ഷിബിൻ, ടി.വി. സുധീഷ് കുമാർ, ഡ്രൈവർ സി. പ്രത്യുരാജ്, ഹോംഗാർഡ് ഐ. രാഘവൻ എന്നിവർ ചേർന്ന് ഹൈഡ്രോളിക്ക് കട്ടർ ഉപയോഗിച്ച് വാഹനം വെട്ടിപ്പൊളിച്ചാണ് ഫായിസ് അബൂബക്കറെ പുറത്തെടുത്തത്.
കുട്ടികളുടെ മൃതദേഹം ഇന്നു രാവിലെ 10ന് മരക്കാപ്പ് കടപ്പുറം സിയാറത്തിങ്കര കബർസ്ഥാനിൽ കബറടക്കും.