കണ്ണൂർ: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും ചേർന്ന് സംഘടിപ്പിച്ച ജില്ലാ കേരളോത്സവത്തിന്റെ കലാമത്സരങ്ങളിൽ 240 പോയിന്റോടെ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ചാമ്പ്യൻമാരായി. വാശിയേറിയ പോരാട്ടത്തിനൊടുവിൽ 211 പോയിന്റോടെ കണ്ണൂർ കോർപ്പറേഷൻ രണ്ടാം സ്ഥാനം നേടി. 207 പോയിന്റോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്താണ് മൂന്നാം സ്ഥാനത്ത്. മട്ടന്നൂർ നഗരസഭയിലെ നീലാംബരി പി. നായർ കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. തലശ്ശേരി നഗരസഭയിലെ വി. വൈഷ്ണവ് കലാപ്രതിഭയായി.
104 പോയിന്റ് നേടി തലശ്ശേരി ടെമ്പിൾ ഗേറ്റിലെ ജഗന്നാഥമന്ദിരം മികച്ച ക്ലബ് ആയി തിരഞ്ഞെടുക്കപ്പെട്ടു. 87 പോയിന്റ് നേടിയ തിലാന്നൂർ യൂണിവേഴ്സൽ ക്ലബ്ബിനാണ് രണ്ടാം സ്ഥാനം.
അഴീക്കോട് എച്ച്.എസ്.എസ്, അക്ലിയത്ത് എൽ.പി സ്‌കൂൾ, അഴീക്കോട് ബാങ്ക് ഹാൾ, അഴീക്കോട് പഞ്ചായത്ത് സ്റ്റേഡിയം എന്നീ നാല് വേദികളിലായാണ് കലാമത്സരങ്ങൾ നടന്നത്. സംസ്ഥാന തല, ദേശീയതല മത്സരങ്ങൾ പ്രത്യേകമായാണ് നടത്തിയത്. വിജയികൾ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.
സമാപന സമ്മേളനം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമ്മാനദാനവും എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി അദ്ധ്യക്ഷയായി.
മൂന്നുദിവസമായി അഴീക്കോട് നടന്ന ജില്ലാ കേരളോത്സവ വേദിയിൽ ശുചീകരണ പ്രവൃത്തിയിലും പാചകപ്പുരയിലും അഴീക്കോട് പഞ്ചായത്ത് ഹരിതകർമ്മ സേനാംഗങ്ങളുടെ സേവനം ശ്രദ്ധേയമായി.