പയ്യന്നൂർ: നഗരസഭ വെള്ളൂർ ഈസ്റ്റ് വാർഡ് സമ്പൂർണ്ണ മാലിന്യ വിമുക്ത വാർഡ് എന്ന ലക്ഷ്യം കൈവരിച്ചു. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം നാളെ വൈകീട്ട് 5ന് വെള്ളൂർ സെൻട്രൽ ആർട്സ് നാടകപ്പുരയിൽ നഗരസഭ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ ചെയർപേഴ്സൺ കെ.വി. ലളിത നിർവ്വഹിക്കും. ഹരിത കേരള മിഷൻ ജില്ല കോർഡിനേറ്റർ സോമശേഖരൻ മുഖ്യാതിഥിയായിരിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായി ബാങ്ക് പരിസരത്ത് നിന്ന് വിളംബര ജാഥ ആരംഭിക്കും.

മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ മൂന്ന് മാസക്കാലം ജനങ്ങൾ ഒത്തൊരുമിച്ച് നടത്തിയ പ്രവർത്തനങ്ങളാണ് വെള്ളൂർ ഈസ്റ്റിനെ സമ്പൂർണ്ണ മാലിന്യ വിമുക്ത വാർഡ് എന്ന ലക്ഷ്യത്തിലെത്തിച്ചത്. പദ്ധതി പ്രാവർത്തികമാക്കുന്നതിന് മുന്നോടിയായി വാർഡ് കമ്മിറ്റിയും ആരോഗ്യ ശുചിത്വ സമിതിയും ചേർന്ന് വിശദമായ പദ്ധതി തയ്യാറാക്കി ജനപങ്കാളിത്തത്തോടെ ജാഗ്രത സമതികൾ രൂപീകരിക്കുകയും പൊതു ഇടങ്ങളെല്ലാം ശുചീകരിക്കുകയും ചെയ്തു. മൂന്ന് തവണ വിടുകൾ തോറും കയറി സ്ക്വാഡ് വർക്ക് നടത്തുകയും കഴിഞ്ഞ 29 ന് വാർഡിലെ മുഴുവൻ വീടുകളും പരിസരവും ശുചീകരിക്കുന്ന ക്യാമ്പയിൽ നടത്തുകയും ചെയ്തു.

ഹരിത കർമ്മ സേന വളണ്ടിയർമാർ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ സൂക്ഷിക്കുന്നതിന് രണ്ട് മിനി എം.സി.എഫ്.സ്ഥാപിക്കുകയും ശേഖരിക്കുന്ന വസ്തുക്കൾ നിശ്ചിത കേന്ദ്രങ്ങളിൽ മാത്രം സൂക്ഷിക്കുന്നതിന്‌ വേണ്ട ക്രമീകരണങ്ങളുണ്ടാക്കുകയും ചെയ്തു. വാർഡിലെ വിവിധ ഭാഗങ്ങളിലായി 10 ബിന്നുകൾ സ്ഥാപിച്ചു. വാർഡിലെങ്ങും ഒരു വിധ മാലിന്യങ്ങളും ഇല്ലാത്ത നിലയിൽ ശുചീകരണ പ്രവർത്തനം നടത്തി. തുടർന്ന് ഓരോ സ്ക്വാഡും അവർക്ക് ചുമതല ഏൽപ്പിച്ച സ്ഥലങ്ങളിൽ മുഴുവൻ സമയവും നിരീക്ഷിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഉണ്ടാക്കി. മിക്കവാറും വീടുകളിലും അജൈവമാലിന്യങ്ങൾ സംസ്കരിക്കാനുള്ള സംവിധാനം തയ്യാറാക്കി.

അങ്കണവാടികളിലും സ്കൂൾ കുട്ടികൾക്കിടയിലും ശുചിത്വ ബോധവൽക്കരണ പ്രവർത്തനം നടത്തി. രക്ഷിതാക്കളെയും ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ പങ്കാളികളാക്കി. ഇതോടൊപ്പം വിവിധ ബഹുജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, സാംസ്കാരിക സംഘടന പ്രവർത്തകർ, വ്യാപാരസ്ഥാപനങ്ങൾ, ജനത ചാരിറ്റബിൾ സൊസൈറ്റി തുടങ്ങിയവരുടെയെല്ലാം അകമഴിഞ്ഞ സഹായ സഹകരണങ്ങൾ കൊണ്ടാണ് സമ്പൂർണ്ണ മാലിന്യ വിമുക്ത വാർഡെന്ന ലക്ഷ്യത്തിൽ എത്താൻ കഴിഞ്ഞതെന്ന് വാർഡ് കൗൺസിലർ ഇ.ഭാസ്കരൻ പറഞ്ഞു.