നീലേശ്വരം: വാഹനാപകടത്തിൽ മരിച്ച സഹോദരങ്ങളായ കുരുന്നുകൾക്ക് നാടിന്റെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ഞായറാഴ്ച ഉച്ചയ്ക്ക് പടന്നക്കാട് ഐങ്ങോത്ത് ദേശീയപാതയിൽ കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ മരിച്ച കണിച്ചിറയിലെ സഹോദരങ്ങളായ ലെഹഖ് സൈനബ് (12),സെയിൻ റൂഹ്മാൻ (9) എന്നിവർക്ക് നൂറുകണക്കിന് പേർ അന്തിമോപചാരമർപ്പിച്ചു. ലെഹഖ് സൈനബ് രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയും സെയിൻ റൂഹ്മാൻ നീലേശ്വരം ഗവ. എൽ.പി സ്കൂളിലെ നാലാതരം വിദ്യാർത്ഥിയുമാണ്. രണ്ട് സ്കൂളുകൾക്കും തിങ്കളാഴ്ച അവധി നൽകിയിരുന്നു. ഇന്നലെ രാവിലെ 8.30 ഓടെ ജില്ലാ ആശുപത്രിയിൽ നിന്നും മൃതദേഹങ്ങൾ കണിച്ചിറയിലെ വീട്ടിലെത്തിച്ചു.
സി.പി.എം ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.പി സതീഷ് ചന്ദ്രൻ, നീലേശ്വരം ഏരിയ സെക്രട്ടറി എം.രാജൻ, നീലേശ്വരം വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.വി സതീശൻ, സെക്യൂരിറ്റി ആൻഡ് ഹൗസ് കീപ്പിംങ് വർക്കേഴ്സ് യൂണിയൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി നാരായണൻ തെരുവത്ത്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി, നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാത, വൈസ് ചെയർമാൻ ബിൽടെക്ക് അബ്ദുള്ള, കെ.രാജ്മോഹൻ ഉണ്ണിത്താൻ എം.പി, നീലേശ്വരം നഗരസഭ സ്റ്റാൻഡിംഗ് കൗൺസിൽ ചെയർമാൻമാരായ വി.ഗൗരി, ഷംസുദ്ദീൻ അറിഞ്ചിറ, കൗൺസിൽമാരായ ടി.പി.ലത, പി.കെ വിനയരാജ്, പി.കുഞ്ഞിരാമൻ, ഇ.ഷജീർ,കെ.വി ശശികുമാർ, അൻവർ സാദിക്ക്, റഫീഖ് കോട്ടപ്പുറം, ഡി.സി.സി ജനറൽ സെക്രട്ടറി മാമുനി വിജയൻ, കേരള ജനറൽ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി പി.മണികണ്ഠൻ നായർ, മുസ്ലിം ലീഗ് നേതാവ് അഡ്വ.കെ.പി നസീർ, മർച്ചൻസ് അസോസിയേഷൻ നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, സെക്രട്ടറി എ.വിനോദ് കുമാർ തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. വീട്ടിലെ പൊതു ദർശനത്തിനു ശേഷം കുട്ടികളുടെ മൃതദേഹം സിയാറത്തിങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.