തലശ്ശേരി: വിദ്യാർത്ഥികൾക്കും, പുതുതലമുറയ്ക്കും സഹകരണ ബാങ്കിംഗ് മേഖലയോട് ആഭിമുഖ്യം വളർത്തുന്നതിനും സമ്പാദ്യശീലം വർദ്ധിപ്പിക്കുന്നതിനുമായി പുതുവർഷദിനത്തിൽ കതിരൂർ സർവീസ് സഹകരണ ബാങ്ക്
മിഷൻ സാക് 2025 പദ്ധതിയിലൂടെ ഒരു ദിവസം 1000 അക്കൗണ്ട് കാമ്പയിൻ നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അക്കൗണ്ട് എടുക്കുന്ന വിദ്യാർത്ഥികൾക്ക് ഒരു ഡയറിയും, പൊന്ന്യം നേന്ത്രവാഴക്കന്നും നൽകും. ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്ന വിദ്യാലയങ്ങൾക്ക് ശതമാനാടിസ്ഥാനത്തിൽ പുരസ്‌ക്കാരം നൽകും.
ബുധനാഴ്ച രാവിലെ 10ന് തരുവണത്തെരു യു.പി. സ്‌കൂളിൽ നടക്കുന്ന ചടങ്ങ് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി വിശിഷ്ടാതിഥിയായിരിക്കും. ഇബിൽ ചലഞ്ച്, ജില്ലാ ചിത്രരചനാ മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും നടക്കും. ബാങ്കിങ്ങേതര മേഖലകളിൽ ഒട്ടേറെ മാതൃകാപരമായ പദ്ധതികൾ നടപ്പിലാക്കി തുടർച്ചയായി ദേശീയ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ബാങ്ക് കതിരൂരിലെ 19 വിദ്യാലയങ്ങളിലും പദ്ധതി നടപ്പിലാക്കും. ബാങ്ക് സെക്രട്ടറി പുത്തലത്ത് സുരേഷ് ബാബു, കാട്യത്ത് പ്രകാശൻ, കെ.പി അനീഷ് കുമാർ, പി.പ്രസന്നൻ, ആലക്കാടൻ രമേശൻ, നഫീസത്തുൽ മിസ്രിയ, കെ.മഫീദ, എ.വി.ബീന, പി.സി.ദിനേഷ്, എ.വി.രജനീഷ്, വി.ഷിഖിൻ പങ്കെടുത്തു.