കാസർകോട്: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയെ 10 വർഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയടക്കാനും കാസർകോട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി അചിന്ധ്യ രാജ് ഉണ്ണി ശിക്ഷിച്ചു. മുന്നാട് കൊറത്തിക്കുണ്ടിലെ സുമിത (23) യെ കൊലപ്പെടുത്തിയ കേസിൽ ബേഡകം കാഞ്ഞിരടുക്കം, കൊറത്തിക്കുണ്ട് റോഡിലെ കൊളമ്പ ഹൗസിൽ അരുൺ കുമാറിനെ (28) ആണ് കോടതി ശിക്ഷിച്ചത്.കൊല്ലപ്പെട്ട യുവതിയുടെ ഭർത്താവാണ് പ്രതി. ഭാര്യയുടെ സ്വഭാവത്തിൽ സംശയം തോന്നി കൊലപാതകം നടത്തിയെന്നാണ് കേസ്. 2021 ജൂലായ് 19 ന് പകൽ നാല് മണിക്കും 20 ന് പുലർച്ചെ ഒന്നര മണിക്കും ഇടയിൽ സുമിതയുമായി ഭർത്താവായ പ്രതി അരുൺ കുമാർ വഴക്കുണ്ടാക്കുകയും അതിനിടയിൽ പ്രതി മുറിയിൽ കരുതിയിരുന്ന മാരകയുധമായ വിറക് കഷ്ണം കൊണ്ട് അടിച്ചു കൊലപ്പെടുത്തിയെന്നുമാണ് ബേഡകം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. ബേഡകം ഇൻസ്പെക്ടർ ആയിരുന്ന ടി ദാമോദരനാണ് ഈ കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ അറസ്റ്റ് ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രിസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ: പ്ലീഡർ പി.സതീശനും ,അഡ്വ: അമ്പിളിയും ഹാജരായി.