പാപ്പിനിശ്ശേരി: പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശ്ശേരി, പഴയങ്ങാടി റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ കെ.വി സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടറുടെ ചുമതലയുള്ള എ.ഡി.എം സി. പദ്മചന്ദ്രക്കുറുപ്പിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ഉന്നതല യോഗം ചേർന്നു. ഗതാഗതക്കുരുക്കഴിക്കാനുള്ള വിവിധ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു. ഇവ പരിഗണിച്ച് അന്തിമ പരിഹാരത്തിനായി ചൊവ്വാഴ്ച ഉച്ച 12 മണിക്ക് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ചേരും.
കളക്ടറേറ്റിലെ യോഗത്തിന് ശേഷം വൈകീട്ട് അഞ്ച് മണിക്ക് ഗതാഗതക്കുരുക്ക് നേരിട്ട് പരിശോധിക്കാനായി പഴയങ്ങാടി റോഡ് ജംഗ്ഷൻ, പാപ്പിനിശ്ശേരി കോട്ടൻസ് റോഡ് എന്നിവിടങ്ങളിൽ കെ.വി സുമേഷ് എം.എൽ.എ, എ.ഡി.എം സി. പദ്മചന്ദ്രകുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി. ഈ റൂട്ടിൽ ഏതാനും ദിവസങ്ങളായി അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വേണ്ടിയാണ് എം.എൽ.എ മുൻകൈ എടുത്ത് യോഗം വിളിച്ചത്.
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി സുശീല, വളപട്ടണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി ഷമീമ, ചിറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് പി.അനിൽകുമാർ, മുൻ എം.എൽ.എ ടി.വി രാജേഷ്, കണ്ണൂർ ആർ.ടി.ഒ ഇ.എസ് ഉണ്ണികൃഷ്ണൻ, എസ്.ഐ പി. ഉണ്ണികൃഷ്ണൻ, വളപട്ടണം പൊലീസ് എസ്.എച്ച്.ഒ ടി.പി സുമേഷ്, ദേശീയപാത കരാറുകാരായ വിശ്വസമുദ്ര പ്രതിനിധികളായ വി.എസ് ശ്യാംലാൽ, വി.തുളസീധരൻ, ദേശീയപാത അതോറിറ്റി ലൈസൺ ഓഫീസർ കെ.വി അബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.
ബസ് ബേകൾ നിർമ്മിച്ചു; ഉപയോഗിക്കാറില്ല
കെ.എസ്.ടി.പി. റോഡ് നവീകരണ കരാറിന്റെ ഭാഗമായി പാപ്പിനിശ്ശേരി-പിലാത്തറ റോഡിന്റെ പ്രധാന സവിശേഷതയായിരുന്നു പ്രധാന കേന്ദ്രങ്ങളിലെ ബസ് ബേ. എന്നാൽ പല കേന്ദ്രങ്ങളിലും അവ നിർമ്മിച്ചിട്ടില്ലെങ്കിലും ഉള്ളത് പോലും ഫലപ്രദമായി ഉപയോഗപ്പെടുത്താൻ അധികൃതർ മുന്നോട്ട് വരുന്നില്ല. പാപ്പിനിശ്ശേരിയിൽ നിന്നും പഴയങ്ങാടി റോഡിലേക്ക് കടന്നാൽ ഏറ്റവും പ്രധാന കേന്ദ്രമാണ് കാട്ടിലെ പ്പളളി. മേൽപ്പാലം തുടങ്ങുന്നതും അവിടെ തന്നെ. എന്നാൽ കാട്ടിലെ പള്ളി എത്തുന്നതിന് 15 മീറ്റർ അകലെ ബസ് ബേ നിർമ്മിച്ചെങ്കിലും അവിടെ ബസുകൾ നിറുത്തുന്നത് പതിവില്ല.
ഏറ്റവും അപകടം നിറഞ്ഞ കവലയിൽ ബസുകൾ നിറുത്തുന്നത് മൂലം നിരവധി അപകടങ്ങൾക്കാണ് കാരണമാകുന്നത്. ബസുകൾ നിറുത്തുന്ന സ്ഥലത്തിന് സമീപത്ത് കൂടിയാണ് മേൽപ്പാലത്തിന് താഴെ കൂടി കടന്നു പോകുന്ന സർവീസ് റോഡുള്ളത്. ആശുപത്രിയിലേക്കും പാപ്പിനിശ്ശേരിയുടെ മറ്റു ഭാഗങ്ങളിലേക്കും നിരന്തരം വാഹനങ്ങൾ കടക്കുന്ന തിരക്കേറിയ റോഡ് തുടങ്ങുന്ന മേഖലയാണിത്. നൂറു കണക്കിന് വിദ്യാർത്ഥികൾ പഠിക്കുന്ന ഹൈസ്‌ക്കൂളും പ്രവർത്തിക്കുന്ന അവിടെ ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നു.
റോഡ് തുറന്ന് കൊടുത്ത് ആറ് വർഷം കഴിഞ്ഞിട്ടും ബസ് ബേ എന്തിന് നിർമ്മിച്ചു എന്നതിന് പോലും അധികാരികൾക്ക് അടക്കം ഉത്തരമില്ല.
നടക്കുന്നത് പാർക്കിംഗും കച്ചവടവും
പാപ്പിനിശ്ശേരി കാട്ടിലെ പള്ളിക്ക് സമീപത്തെ ബസ് ബേയിൽ ഇതുവരെ ബസുകൾ നിറുത്തിയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സ്ഥലം പൂർണമായി പല വാഹനങ്ങളുടെയും പ്രധാന പാർക്കിംഗ് കേന്ദ്രമാണ്. കൂടാതെ അതേ ബസ് ബേയിൽ തട്ടുകടകളടക്കം പ്രവർത്തിക്കുന്നുണ്ട്. വൈകുന്നേരങ്ങളിൽ ബസ് ബേ പൂർണമായും വാഹനങ്ങൾ കൈയടക്കുന്ന പ്രധാന കേന്ദ്രമാണ്. സമാന രീതിയിൽ തന്നെയാണ് പാപ്പിനിശ്ശേരി ഹയർ സെക്കൻഡറിക്ക് സമീപത്തെ ബസ് ബേയും.