
പരിയാരം: ബി.പി.എൽ കാർഡിൽ ഉൾപ്പെട്ടവർക്ക് സർക്കാർ മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആശുപത്രികളിലും ലഭിക്കുന്ന സൗജന്യ ചികിത്സാ ആനുകൂല്യം കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന് ബാധകമല്ലെന്ന് പരാതി.
എ.എ.വൈ കാർഡുകാർക്ക് മാത്രമാണ് ഇവിടെ ചികിത്സാ സൗജന്യം ലഭിക്കുന്നുള്ളു. ചികിത്സ സൗജന്യം സംബന്ധിച്ച അറിയിപ്പ് ബോർഡിൽ ബി.പി.എൽ എന്ന വാക്ക് ചുരണ്ടി മാറ്റിയ നിലയിലാണ്.കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് അധികൃതർ സർക്കാർ നിർദ്ദേശം ഏകപക്ഷീയമായി ലംഘിച്ച് ബി.പി.എൽ റേഷൻകാർഡിന് ചികിത്സാസൗജന്യം നിഷേധിക്കുന്നുവെന്നാണ് ആരോപണം.
ആശുപത്രി വികസനസമിതി നിയമിച്ച ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനാണ് ബി.പി.എൽ കാർഡുകാർക്ക് അർഹതപ്പെട്ട സൗജന്യം നിഷേധിക്കുന്നതെന്ന് ജനകീയാരോഗ്യവേദി അടക്കമുള്ള സംഘടനകൾ ഇതിനകം ആരോപണമുന്നയിച്ചുകഴിഞ്ഞു. വരുമാനം വർദ്ധിപ്പിക്കാൻ പാവപ്പെട്ട രോഗികളെ പിഴിയുക എന്ന ലക്ഷ്യത്തോടെ ബി.പി.എൽ കാർഡുടമകളെ ദ്രോഹിക്കുകയാണ് വികസനസമിതിയെന്ന് ജനകീയാരോഗ്യവേദി ആരോപിച്ചു.
മുഖ്യമന്ത്രിക്ക് പരാതി
ബി.പി.എൽ രോഗികളുടെ ചികിത്സാസൗജന്യം അടിയന്തിരമായി പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയതായി ജനകീയാരോഗ്യവേദി കൺവീനർ എസ്.ശിവസുബ്രഹ്മണ്യൻ അറിയിച്ചു . സർക്കാർ അനുമതിയില്ലാതെ ചികിത്സാ സൗജന്യം നിഷേധിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. സർക്കാർ ഉത്തരവ് ലംഘിക്കാൻ മെഡിക്കൽ കോളേജിന് മാത്രമായി അധികാരമുണ്ടോ എന്ന ചോദ്യത്തിന് വികസനസമിതി ഉത്തരം പറയണമെന്നും ജനകീയാരോഗ്യവേദി ആവശ്യപ്പെട്ടു.