
കണ്ണൂർ: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതിനെ പിന്തുണച്ച് മുതിർന്ന സി.പി.എം നേതാവ് പി.ജയരാജൻ. കൊടി സുനിക്ക് പരോൾ നൽകിയതിൽ എന്ത് മഹാപരാധമെന്ന് ജയരാജൻ ഫേസ് ബുക്കിൽ കുറിച്ചു. അർഹതയുണ്ടായിട്ടും സുനിക്ക് ആറ് വർഷമായി പരോൾ അനുവദിച്ചില്ല. കൊവിഡ് കാലത്തുപോലും നൽകിയില്ല. മനുഷ്യാവകാശത്തിന് കൊടിയുടെ നിറം മാനദണ്ഡമാക്കണമെന്ന് പറയുന്നത് എന്തടിസ്ഥാനത്തിലാണ്.
ഇടക്കാലത്ത് ചുമത്തിയ കേസുകളായിരുന്നു സുനിക്ക് പരോളിന് തടസം. അത്തരം ഒരു തീരുമാനം തികച്ചും ശരിയാണ്, എന്നാൽ, സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് നൽകിയ പരാതിയെ തുടർന്നാണ് മാനുഷിക പരിഗണയിൽ പരോൾ അനുവദിക്കാമോ എന്ന കാര്യം തീരുമാനിക്കാൻ ജയിൽ വകുപ്പിനോട് ആവശ്യപ്പെട്ടത്. അത് പരിഗണിച്ചാണ് ജയിൽ മേധാവി 30 ദിവസത്തെ പരോൾ അനുവദിച്ചത്.
പരോൾ നിയമപരം: കൊടി സുനിയുടെ അമ്മ
കൊടി സുനിയുടെ പരോൾ വിവാദമാക്കേണ്ടതില്ലെന്ന് അമ്മ എൻ.കെ പുഷ്പയും സഹോദരി സുജിനയും. കഴിഞ്ഞ ആറുവർഷമായി സുനിക്ക് പരോൾ ലഭിച്ചിട്ടില്ല. പരോൾ ലഭിച്ചത് നിയമപരമായാണ്. ടി.പി കേസിലെ പല പ്രതികൾക്കും നേരത്തെ പരോൾ ലഭിച്ചിട്ടുണ്ട്. സുനിയും പരോളിന് അർഹനാണെന്നും ഇരുവരും പറഞ്ഞു.
ടി.പി വധക്കേസ് പ്രതികൾ സി.പി.എമ്മിനെ ബ്ളാക്ക് മെയിൽ ചെയ്യുന്നു: സതീശൻ
ടി.പി വധക്കേസ് പ്രതികൾ സി.പി.എം നേതാക്കളെ ബ്ലാക്ക് മെയിൽ ചെയ്താണ് പരോൾ നേടുന്നതെന്നും ജയിലിൽ കിടന്നും സ്വർണവും മയക്കുമരുന്നും കടത്തുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ടി.പി കേസിലെ ഗൂഢാലോചന പുറത്തുവിടുമെന്നാണ് പ്രതികൾ നേതാക്കളെ ഭയപ്പെടുത്തുന്നത്. ഗൂഢാലോചന പുറത്തുവന്നാൽ പല സി.പി.എം നേതാക്കളും ജയിലിലാകും.കൊടി സുനിക്ക് പരോൾ നൽകിയതിലൂടെ സർക്കാർ ആർക്കൊപ്പമാണെന്നു വ്യക്തമായി.
കേരളം മിനി പാകിസ്ഥാനാണെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്താവന എ. വിജയരാഘവൻ പറഞ്ഞത് ഏറ്റുപിടിച്ചതിന്റെ തെളിവാണ്. വയനാടിന് സ്പെഷ്യൽ പാക്കേജ് അനുവദിക്കണം. വന്യജീവി ആക്രമണങ്ങളിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടിട്ടും സർക്കാർ കിടങ്ങോ സൗരോർജ്ജവേലിയോ നിർമ്മിക്കുന്നില്ല. ഇതിനെതിരെ യു.ഡി.എഫ് പ്രക്ഷോഭം ആരംഭിക്കും.