
കണ്ണൂർ: ബി.ജെ.പി പ്രവർത്തകൻ വടക്കുമ്പാട് നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീജിത്തിന്റെ ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് സി.പി.എം നേതാക്കൾ. സി.പി.എം സംസ്ഥാന സമിതി അംഗം പി.ജയരാജൻ, ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ, കാരായി രാജൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി.ദിവ്യ എന്നിവരാണ് പങ്കെടുത്തത്. ടി.പി വധക്കേസ് പ്രതി ഷാഫി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവരും ചടങ്ങിൽ സജീവമായിരുന്നു.
ഒരാഴ്ച മുൻപാണ് ശ്രിജിത്ത് പരോളിലിറങ്ങിയത്. ഞായറാഴ്ചയായിരുന്നു തലശ്ശേരി വടക്കുമ്പാട്ട് ഗൃഹപ്രവേശ ചടങ്ങ്. 2008ൽ നിഖിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ശ്രീജിത്ത്. ലോറിയിൽ നിന്ന് പിടിച്ചിറക്കി നിഖിലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കേസിൽ ശ്രീജിത്ത് അടക്കം അഞ്ച് സി.പി.എം പ്രവർത്തകരെ കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു. നിഖിലിന്റെ കൊലയിൽ സി.പിഎമ്മിന് പങ്കില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിരുന്നു.
ക്രിസ്മസ് ചോദ്യപേപ്പർ ചോർച്ച:.....
ഗൂഢാലോചനാക്കുറ്റം എങ്ങനെ
നിലനിൽക്കുമെന്ന് കോടതി
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ഒരാൾ ഒറ്റയ്ക്ക് എങ്ങനെ ഗൂഢാലോചന നടത്താനാകുമെന്ന് കോടതി. ആരോപണ വിധേയരായ എം.എസ് സൊല്യൂഷൻസ് സി.ഇ.ഒ ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് കോഴിക്കോട് ജില്ലാ അഡിഷണൽ സെഷൻസ് കോടതി പ്രോസിക്യൂഷനെ വിമർശിച്ചത്.
അതേസമയം ചോദ്യപേപ്പർ ചോർത്തിയിട്ടില്ലെന്നും എല്ലാവരും ചെയ്യുന്നതുപോലെ പ്രവചിക്കുക മാത്രമാണ് ചെയ്തതെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രവചനം നടത്തിയവർ വേറെയുണ്ടെന്നും പ്രതിഭാഗം വാദിച്ചു. ചോദ്യപേപ്പർ സൂക്ഷിക്കേണ്ടത് സർക്കാരാണെന്നും, ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ലല്ലോ എന്നും കോടതി ചോദിച്ചു. എം.എസ് സൊല്യൂഷൻസും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് ഗൂഢാലോചന നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ചോദ്യം പ്രവചിക്കുന്നത് കുറ്റകരമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഗൂഢാലോചനാ വകുപ്പ് ചുമത്തിയതിൽ അഡിഷണൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. ഒളിവിലുള്ള ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ മൂന്നിലേക്ക് മാറ്റി.