
കാസർകോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് പ്രയാണം കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്കൂളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർമാർ, പരീക്ഷാ ഭവൻ ജോയിന്റ് ഡയറക്ടർ ഗിരീഷ് ചോലയിൽ, ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മധുസൂദനൻ, സ്കൂൾ മാനേജർ വേണുഗോപാലൻ നമ്പ്യാർ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി. കാസർകോട് ജില്ലയിൽ നിന്നും സ്വർണ്ണക്കപ്പ് കരിവെള്ളൂർ എ.വി സ്മാരക ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്വീകരണ പരിപാടിയിൽ കണ്ണൂർ ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കൈമാറി.
സ്കൂൾ കലോത്സവം; പ്രധാന
വേദിയുടെ പേര് എം.ടി - നിള
തിരുവനന്തപുരം: എം.ടി ഓർമ്മയായതോടെ, അദ്ദേഹത്തോടുള്ള ആദര സൂചകമായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പ്രധാന വേദിയുടെ പേര് എം.ടി - നിള എന്ന് പുനർനാമകരണം ചെയ്തു.
മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശ പ്രകാരമാണിത്. കലോത്സവ വേദികൾക്ക് നദികളുടെ പേരിടാൻ തീരുമാനിച്ചിരുന്നു.
"അറിയാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന
മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന
എന്റെനിളാനദിയാണെനിക്കിഷ്ടം
"എന്ന എം.ടിയുടെ പ്രശസ്തമായ ഉദ്ധരണിയും മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ആലേഖനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.
സ്കൂൾ കലോത്സവം:
സ്റ്റേജ് മാനേജർമാർക്ക് പരിശീലനം
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്റ്റേജ് മാനേജർമാർക്കും ഐ.ടി കോഓർഡിനേറ്റർമാർക്കുമുള്ള പരിശീലനം ഇന്നലെ ശിക്ഷക് സദനിൽ ആരംഭിച്ചു.
പ്രോഗ്രാം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വേദികൾ സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തും.
മത്സര ഇനങ്ങളിൽ സമയക്ലിപ്തത പാലിക്കാൻ മാനേജർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അനൗൺസ്മെന്റിൽ ആലങ്കാരിക ഭാഷ വേണ്ട. പ്രോഗ്രാം കമ്മിറ്റിയുടേത് ഒഴികെ മറ്റ് അറിയിപ്പുകൾ മത്സരം നടക്കുന്ന സ്റ്റേജുകളിൽ അനൗൺസ് ചെയ്യരുത്. നൃത്തഇനങ്ങളിൽ പിന്നണി ഗാനം കേൾപ്പിക്കാൻ മൊബൈൽ ഫോൺ ഒഴിവാക്കണം. ഇതിനായി യു.എസ്.ബി ഡ്രൈവ് മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് പ്രോഗ്രാം കമ്മിറ്റി ഉറപ്പാക്കണം. സാങ്കേതിക തകരാർ ഉണ്ടായാൽ പകരം ഉപയോഗിക്കാനായി രണ്ടോ അതിലധികമോ യു.എസ്.ബി ഡ്രൈവ് കുട്ടികൾ കരുതണം.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.വിൻസന്റ് എം.എൽ.എ, എ.ഡി.പി.ഐ ഷൈൻ മോൻ, വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.സുധ (ഹയർ സെക്കൻഡറി) പ്രോഗ്രാം കമ്മിറ്റി കൺവീനർ അനിൽ വട്ടപ്പാറ എന്നിവർ പരിശീലന പരിപാടിയിൽ പങ്കെടുത്തു.
കലവറ നിറയ്ക്കലിന്റെ
ആവേശത്തിൽ
വിദ്യാർത്ഥികൾ
സംസ്ഥാന സ്കൂൾ കലോത്സവ കലവറയിലേക്കുള്ള വിഭവസമാഹരണം ഇന്നലെ പൂർത്തിയായി. വിദ്യാർത്ഥികളിൽനിന്ന് ആവേശകരമായ പ്രതികരണമായിരുന്നു. തിരുവനന്തപുരത്തെ പന്ത്രണ്ട് ഉപജില്ലകളിലെ സ്കൂളുകളിൽ നിന്നായി ഒന്ന് മുതൽ പന്ത്രണ്ട് വരെ ക്ളാസുകളിലെ കുട്ടികളാണ് പച്ചക്കറികൾ, പലവ്യഞ്ജനങ്ങൾ, തേങ്ങ, കിഴങ്ങ് വർഗങ്ങൾ എന്നിങ്ങനെ നാൽപ്പത് ഇനങ്ങൾ കലവറയിലേക്ക് സംഭാവന ചെയ്തത്.
സ്കൂളുകളിൽ ജനപ്രതിനിധികൾ വിഭവങ്ങൾ ഏറ്റുവാങ്ങി. ഇന്ന് അതത് ബി.ആർ.സികളിൽ എത്തിക്കുന്ന വിഭവങ്ങൾ പന്ത്രണ്ട് എം.എൽ.എമാർ സ്വീകരിക്കും. സംഘാടകസമിതി ചെയർമാൻ മന്ത്രി ജി.ആർ അനിൽ നാളെ ഉച്ചയ്ക്ക് നാലുമണിക്ക് പുത്തരിക്കണ്ടത്ത് വിഭവങ്ങൾ ഏറ്റുവാങ്ങും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ
പണമില്ലാത്തതിനാൽ കുട്ടികൾക്ക്
പഠനയാത്ര നിഷേധിക്കരുത്
തിരുവനന്തപുരം: പണമില്ലാത്തതിന്റെ പേരിൽ സ്കൂൾ കുട്ടികൾക്ക് പഠനയാത്ര നിഷേധിക്കരുതെന്ന് നിർദ്ദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ. പഠനയാത്രയ്ക്കുള്ള തുക എല്ലാവർക്കും വഹിക്കാവുന്ന തരത്തിലാവണം. പണമില്ലാത്തതിന്റെ പേരിൽ ഒരുകുട്ടിക്കുപോലും പഠനയാത്ര നിഷേധിക്കരുതെന്ന് മന്ത്രി വി.ശിവൻകുട്ടി നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കുലർ.
പ്രധാനനിർദ്ദേശങ്ങൾ :
ഏതെങ്കിലും കുട്ടിയെ സൗജന്യമായി പഠനയാത്രയിൽ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ വിവരം മറ്റ് കുട്ടികൾ അറിയാതിരിക്കാൻ അദ്ധ്യാപകർ ശ്രദ്ധിക്കണം.
പഠനയാത്രയിൽ അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളിൽനിന്ന് ഈടാക്കരുത്.
സ്കൂളുകളിൽ ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ജന്മദിനം പോലുള്ള വ്യക്തിഗത ആഘോഷങ്ങൾ ഒഴിവാക്കണം.
ഏതെങ്കിലും കാരണത്താൽ ആഘോഷം നടത്തിയാൽ സാമ്പത്തിക ബാദ്ധ്യത കുട്ടികൾക്കോ രക്ഷിതാക്കൾക്കോ ഉണ്ടാകാത്ത രീതിയിലാകണം
നിർദ്ദേശങ്ങൾ സംസ്ഥാനത്തെ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഇതര ബോർഡുകളിൽ പ്രവർത്തിക്കുന്ന എല്ലാ സ്കൂളുകൾക്കും ബാധകമാക്കി.