cup

കണ്ണൂർ: ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിലേക്കുള്ള സ്വർണ്ണ കപ്പിന്റെ യാത്രക്ക് കഴിഞ്ഞവർഷത്തെ ജേതാക്കളായ കണ്ണൂരിന്റെ മണ്ണിൽ ആവേശോജ്വല സ്വീകരണം നൽകി. കാസർകോട് നിന്ന് ആരംഭിച്ച സ്വർണക്കപ്പിന്റെ യാത്രയെ കരിവെള്ളൂർ എ.വി.സ്മാരക ഗവ ഹയർ സെക്കൻഡറി സ്‌കൂളിലാണ് കണ്ണൂരിന്റെ മണ്ണിലേക്ക് സ്വീകരിച്ചത്. തുടർന്ന് ചൊവ്വ ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സ്വീകരണത്തിൽ ഡി.ഡി.ഇ ബാബു മഹേശ്വരി പ്രസാദ്, എസ്. എസ്.കെ ജില്ലാ കോ ഓർഡിനേറ്റർ ഇ.സി വിനോദ്, ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ,തുടങ്ങിയവർ പങ്കെടുത്തു. ചാവശ്ശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും സ്വീകരണം നൽകി. കൊട്ടിയൂർ ബോയ്സ് ടൗണിലെ സ്വീകരണത്തിനു ശേഷം കപ്പ് വയനാട്ടിലേക്ക് കൊണ്ടുപോയി. സ്വർണ്ണക്കപ്പ് ജനുവരി നാലിന് രാവിലെ തിരുവനന്തപുരത്തെത്തും.