പയ്യന്നൂർ: പയ്യന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ പൂട്ടിയിട്ട വീടുകൾ കുത്തി തുറന്ന് മോഷണം. രാമന്തളി കുന്നരു കാരന്താട്ട് വീട് കുത്തി തുറന്ന് രണ്ടേകാൽ പവന്റെ മാലയും 75,000 രൂപയും കവർന്നു. കോളോത്ത് പൂട്ടിയിട്ട വീട്ടിലും വെള്ളൂർ തായിനേരിയിലെ വീട്ടിലും അന്നൂർ സഞ്ജയൻ സ്മാരക വായനശാലക്ക് സമീപത്തെ വീട്ടിലും കുഞ്ഞിമംഗലത്തെ പൂട്ടിയിട്ട വീട്ടിലും മോഷണശ്രമം നടന്നു.

വെള്ളൂരിൽ വീടിന് സമീപം നിർത്തിയിട്ട ബൈക്ക് മോഷണം പോയി. കുന്നരു കാരന്താട്ട് വാച്ചാൽ രാമചന്ദ്രന്റെ വീട്ടിലാണ് മോഷണം. വീടിന്റെ മുൻവശത്തെ വാതിലിന്റെയും ഗ്രിൽസിന്റെയും പൂട്ട് പൊളിച്ചു അകത്ത് കടന്ന ഹെൽമെറ്റ് ധാരികളായ മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച മാലയും രൂപയും കവർന്നു. ശനിയാഴ്ച വൈകീട്ട് ആറോടെ വീട്ടുകാർ വീടുപൂട്ടി ബംഗളൂരുവിൽ ബന്ധുവിന്റെ കല്യാണത്തിന് പോയതായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതറിയുന്നത്.

വീട്ടിലെ നിരീക്ഷണ ക്യാമറയിൽ നിന്നും മോഷ്ടാക്കളായ രണ്ടുപേരുടെ ദൃശ്യം ലഭിച്ചു. കമ്പി പാരയുമായി എത്തിയ മോഷ്ടാക്കൾ ഒരാൾ പാന്റും മറ്റേയാൾ മുണ്ടുമാണ് ധരിച്ചിരുന്നത്. 45 മിനുട്ടോളം മോഷ്ടാക്കൾ വീട്ടിൽ ചെലവഴിച്ച ശേഷമാണ് സ്വർണവും പണവുമായി കടന്നുകളഞ്ഞത്. വീട്ടുടമ പയ്യന്നൂർ പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി. തായിനേരിയിലെ വീട്ടിൽ നിന്നും പണം നഷ്ടപ്പെട്ടതായി പറയുന്നു. കേളോത്ത് വീട്ടുകാർ ബംഗലൂരുവിൽ പോയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ കുത്തിതുറന്ന് മോഷണശ്രമം നടത്തിയത്. പണമോ സ്വർണമോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം. കുഞ്ഞിമംഗലത്തും സമാനമായ രീതിയിലാണ് മോഷണം ശ്രമം നടന്നത്. വെള്ളൂരിൽ നിന്നും ബൈക്ക് മോഷണം പോയതായും പരാതിയുണ്ട്. പൂട്ടിയിട്ട വീടുകൾ നിരീക്ഷിച്ച് വാഹനത്തിലെത്തി മോഷണം നടത്തുന്ന സംഘമാണ് പിന്നിലെന്ന് സംശയിക്കുന്നു. വീട് പൂട്ടിയിട്ട് സ്ഥലം വിടുന്നവരുടെ ജാഗ്രത കുറവും മോഷ്ടാക്കൾക്ക് തുണയാവുന്നുണ്ട്.