kallayi

ഒരു കാലത്ത് മര വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്നു കല്ലായി. സിനിമകളിലും കവിതകളിലുമെല്ലാം കല്ലായിയെ സാഹിത്യകാരൻമാർ വാഴ്ത്തിയതിനും മുൻപേ കടൽ കടന്ന് കല്ലായിലെ മര വ്യവസായത്തിന്റെ പ്രതാപകഥകൾ ലോകം വാഴ്ത്തിപ്പാടി. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ദശകം മുതൽ ഏഴാം ദശകം വരെയുള്ള കാലം കല്ലായിലെ തടി വ്യാപരത്തിന്റെ സുവർണ്ണ കാലഘട്ടമായിരുന്നു. ലോകത്തെ ഏറ്റവും വലിയ തടി വ്യാപാര കേന്ദ്രങ്ങളിലൊന്നായി മാറിയ ചരിത്രത്തിൽ കോഴിക്കോടിനെ അടയാളപ്പെടുത്തിയ കല്ലായി ഇന്ന് ഓർമ്മകൾ അയവിറക്കുകയാണ്. മരവ്യവസായം പൂർണമായും ക്ഷയിച്ചു തുടങ്ങിയിരിക്കുന്നു. നൂറുകണക്കിനു കമ്പനികളുമുണ്ടായിരുന്ന കല്ലായി മരവ്യവസായത്തിന്റെ സ്ഥിതി ഇന്ന് അതിദയനീയമാണ്.

മുൻകാലങ്ങളിൽ കണക്കില്ലാതെയായിരുന്നു മരങ്ങൾ കല്ലായിലേക്ക് എത്തിയിരുന്നത്. നിലമ്പൂർ കാടുകളിൽ നിന്നും വയനാട്ടിൽ നിന്നുമെല്ലാം കുറ്റ്യാടിപ്പുഴ വഴി തടി കല്ലായിലേക്ക് ഒഴുകിയെത്തിയിരുന്നു. ചെത്തി മിനുക്കി ഇഷ്ടപ്പെട്ട രൂപത്തിൽ കട്ടിലും അലമാരയും മേശയും തുടങ്ങി പല വസ്തുക്കൾ കല്ലായിലെ നദീതീരത്തുള്ള തടിമില്ലുകളിൽ രൂപം കൊണ്ടു. ഇവ വിവിധ സ്ഥലങ്ങളിലേക്ക് കയറ്റുമതിയും ചെയ്യപ്പെട്ടിരുന്നു. തടിവ്യവസായത്തിൽ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഒരിടമായി കല്ലായി മാറി. മരവ്യവസായം ഉപജീവനമാർഗമാക്കിയ നിരവധി പേർ കല്ലായിലുണ്ടായിരുന്നു. എന്നാൽ ഇതെല്ലാം കല്ലായിയ്ക്ക് ഇന്ന് ഓർമ്മകൾ മാത്രമാണ്. മരത്തടിയുടെ ലഭ്യതക്കുറവിനു പുറമെ മരം കൊണ്ടുള്ള ഉപകരണങ്ങൾക്കും ആവശ്യക്കാർ കുറഞ്ഞതോടെ വ്യവസായം പൂ‌ർണ്ണമായും നിലച്ചു. ഇതോടെ ആയിരകണക്കിന് തൊഴിലാളികൾ ജോലി ചെയ്തിരുന്ന മില്ലുകളിൽ ഇന്ന് വിരലിൽ എണ്ണാവുന്നവർ മാത്രമായി ചുരുങ്ങി. നേരത്തെ 200 ഓളം ഈർച്ച മില്ലുകൾ ഇവിടെയുണ്ടായിരുന്നു. കൂടാതെ അനുബന്ധമായി പ്രവർത്തിക്കുന്ന ഫർണിച്ചർ യൂണിറ്റുകളുടെ എണ്ണത്തിലും വൻതോതിൽ കുറവുണ്ടായി. പ്രതിസന്ധിഘട്ടത്തിൽ പലരും തങ്ങളുടെ ജോലികൾ ഉപേക്ഷിച്ച് മറ്റ് ഇടങ്ങളിലേക്ക് ചേക്കേറി. മരവ്യവസായം പാരമ്പര്യമായി കൊണ്ടുനടന്നിരുന്ന ചുരുക്കം ചിലരെ മാത്രമേ കല്ലായിൽ ഇപ്പോൾ കാണാൻ സാധിക്കുന്നുള്ളൂ.

മരത്തിനു വില കൂടിയതോടെ അലുമിനിയം, സ്റ്റീൽ ഫൈബർ ഉത്പന്നങ്ങൾക്കും ആവശ്യക്കാർ കൂടി. കൂടിയ വിലയുള്ള മരത്തടി വേണമെന്നു നിർബന്ധമുള്ളവരെ ഇന്ന് കണികാണാൻ കിട്ടുന്നില്ലെന്ന് വ്യവസായികൾ പറയുന്നത്. കല്ലായിൽ പ്രധാനമായും ഹോൾസെയിൽ മരക്കച്ചവടമായിരുന്നു. വിറക് അടുക്കളകൾ ഗ്യാസ് അടുപ്പിലേക്കും ഇലക്ട്രിക്ക് ഉപകരണങ്ങളിലേക്കും മാറിയതിനാൽ വിറക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി. അതിനാൽ ഇന്ന് മരമില്ലുകളിൽ ടൺ കണക്കിന് വിറകുകൾ കുന്നുകൂടി കിടക്കുന്ന സ്ഥിതിയാണ്.

ആദ്യകാലങ്ങളിൽ എല്ലാ ദിവസവും മില്ലിൽ ജോലി ചെയ്ത ജീവനക്കാർ ഇപ്പോൾ കടകളിൽ വെറുതെയിരിപ്പാണ്. വല്ലപ്പോഴും ലഭിക്കുന്ന ഓർഡറുകൾ മാത്രമാണ് അൽപ്പമെങ്കിലും ആശ്വാസം നൽകുന്നത്. പുതിയ തലമുറ ഈ വ്യവസായത്തിലേക്ക് തിരിയാൻ തയാറാകാത്തതിനാൽ ഈ മേഖല തന്നെ ഇല്ലാതാകുമോ എന്നതാണ് ഇവരുടെ ആശങ്ക.

കല്ലായി പെരുമ
പണ്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ഫർണിച്ചർ ഉത്പ്പന്നങ്ങൾ കയറ്റി അയച്ചിരുന്നത് കല്ലായിൽ നിന്നായിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ നിലമ്പൂരിലെയും പരിസരങ്ങളിലെയും വനപ്രദേശങ്ങളിൽ നിന്ന് കല്ലായിലെ വിവിധ മില്ലുകളിലേക്ക് തടി കൊണ്ടുപോകുന്നതിനായി ചാലിയാറായിരുന്നു പ്രധാന ജലപാത. കല്ലായി പുഴയുടെ തീരങ്ങളിലെ വ്യവസായ ശാലകളിൽ നിന്ന് കടഞ്ഞെടുത്ത മരങ്ങൾ ബേപ്പൂർ തുറമുഖങ്ങിൽ നിന്ന് ഉരുകളിലേറി ലോകത്തിന്റെ നാനാഭാഗങ്ങിലെത്തി. ഗൾഫ് നാടുകളിലും, ബ്രിട്ടൻ, പോർച്ചുഗീസ്, ജപ്പാനിലും ചൈനയിലുമെല്ലാം കല്ലായിൽ നിന്നുള്ള മരങ്ങൾക്ക് ആവശ്യക്കാരുണ്ടായിരുന്നു. ഇന്ത്യൻ റെയിൽവെ പാളങ്ങൾക്ക് നിർമ്മാണത്തിന് ആവശ്യമായ തടികൾ കൊണ്ടു പോയിരുന്നതും ഇവിടെ നിന്നാണ്. തേക്ക്, റോസ് വുഡ് തുടങ്ങിയ അതിമനോഹരമായ ശക്തിയും ഈടുമുള്ള മരങ്ങളാൽ കല്ലായിയും വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ വനനശീകരണം തടയുന്നതിനായി മരം മുറിക്കുന്നത് നിരോധിക്കുകയോ കർശനമായി നിയന്ത്രിക്കുയോ ചെയ്തതിനാൽ പ്രവർത്തനം ഗണ്യമായി കുറഞ്ഞു. ക്രമേണേ കല്ലായിയുടെ പ്രതാപവും അസ്തമിച്ചു.

മലബാറിലെ തന്നെ ഏറ്റവും വലിയ തൊഴിൽ മേഖലകളിൽ ഒന്നായിരുന്നു. ഗ്രാമങ്ങളിൽ നിന്ന് തൊഴിൽ അന്വേഷിച്ച് നഗരങ്ങളിൽ എത്തിയവരെയെല്ലാം കല്ലായി ഇരുകെെകളും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. പതിനായിരക്കണക്കിന് കുടുംബങ്ങളാണ് കല്ലായിൽ നിന്ന് ജീവിതം കണ്ടെത്തിയത്. വിസ്മൃതിയിലാണ്ട് കൊണ്ടിരിക്കുന്ന കല്ലായിയുടെ ചരിത്രം കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം കൂടിയാണ്. 'റെഡി മെയ്ഡ് ഇമ്പോർട്ടഡ്' ഫർണിച്ചറുകളുടെ വരവോടെ അലമാര, കട്ടിലുകൾ തുടങ്ങിയവ ഉണ്ടാക്കുന്ന ജോലികളും ഇല്ലാതായി. നിലവിൽ പ്രദേശത്തു ബാക്കിയുള്ള മര മില്ലുകൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം കാരണം ഇന്ന് എല്ലാ മില്ലുകളും നഷ്ടത്തിലേക്ക് നീങ്ങുകയാണ്. കല്ലായി പുഴയെ സംരക്ഷിക്കാനായി പല പദ്ധതികളും ഉണ്ടെങ്കിലും കല്ലായിയുടെ പ്രതാപം ഉയർത്തിയ മരമില്ലുകൾ സംരക്ഷിക്കാനായി നിലവിൽ യാതൊരു ആസൂത്രണവും ഉണ്ടായിട്ടില്ല.