milk-feeding

കോഴിക്കോട്: അമ്മിഞ്ഞപ്പാൽ കിട്ടാത്ത കുഞ്ഞുങ്ങൾക്കായി സർക്കാർ തുടങ്ങിയ മുലപ്പാൽ ബാങ്കുകൾ ജനകീയമാകുന്നില്ല. പെറ്റമ്മയുടെ പാൽ കിട്ടാത്ത നവജാത ശിശുക്കൾക്കായി കോഴിക്കോട് മെഡി. കോളേജിലാണ് മുലപ്പാൽ ബാങ്ക് ആദ്യം തുടങ്ങിയത്. ഇപ്പോൾ തൃശൂർ മെഡിക്കൽ കോളേജിലും എറണാകുളം ജില്ലാ ആശുപത്രിയിലും ഉണ്ട്. ഇവിടങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിലെ കുഞ്ഞുങ്ങൾക്ക് മാത്രമാണ് മുലപ്പാൽ നൽകുന്നത്.

അമ്മയുടെ രോഗം, മരണം, പാൽ കുറയൽ, അമ്മയും കുഞ്ഞും വ്യത്യസ്ത ആശുപത്രികളിലാവുക തുടങ്ങിയ കാരണങ്ങളാൽ നിരവധി കുഞ്ഞുങ്ങൾക്കാണ് ദിവസേനേ മുലപ്പാൽ വേണ്ടിവരുന്നത്. ഇത് മുതലെടുത്ത് പൊടിപ്പാലും (ഫോർമുല മിൽക്ക്) കൊള്ളവിലയ്ക്ക് മുലപ്പാൽ വില്പനയും തകൃതി.

സംസ്ഥാനത്ത് ഒരു ദിവസം ശരാശരി 500 - 1000 കുഞ്ഞുങ്ങളാണ് ജനിക്കുന്നത്. മുലപ്പാൽ ബാങ്ക് വ്യാപകമല്ലാത്തതിനാൽ പൊടിപ്പാൽ തന്നെ ശരണം. പൊടിപ്പാൽ കുടിക്കുന്ന കുട്ടികൾക്ക്‌ പ്രതിരോധശേഷി കുറവാണെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കിയിട്ടുണ്ട്.

തൃശൂർ മെഡിക്കൽ കോളേജിൽ നിന്ന് പുറത്തേക്ക് കുറഞ്ഞ അളവിൽ പാൽ നൽകുന്നുണ്ടെന്നും പലപ്പോഴും ആശുപത്രിയിലെ കുട്ടികൾക്ക് തികയുന്നില്ലെന്നും ഡോക്ടർമാർ പറയുന്നു.

 മുലപ്പാൽ ബാങ്ക്

അമ്മയുടെ പാൽ കിട്ടാത്ത കുഞ്ഞുങ്ങൾക്ക് ഏറ്റവും മികച്ച ഭക്ഷണമാണ് ഹ്യൂമൻ ഡോണർ മിൽക്ക്. അമ്മമാരിൽ നിന്ന് മുലപ്പാൽ ശേഖരിച്ച് വിതരണം ചെയ്യാനാണ് ഹ്യൂമൻ മിൽക്ക് ബാങ്ക് അഥവാ മുലപ്പാൽ ബാങ്ക്.

പ്രവർത്തനം

ആരോഗ്യവതിയായ ഏതൊരമ്മയ്ക്കും മുലപ്പാൽ ദാനം ചെയ്യാം. ബ്രെസ്റ്റ് പമ്പ് ഉപയോഗിച്ച്,​ അണുവിമുക്തമാക്കിയ കുപ്പികളിലാണ് പാൽ ശേഖരിക്കുന്നത്. പാൽ 60 ഡിഗ്രി സെന്റിഗ്രേഡിൽ പാസ്ചറൈസ് ചെയ്യും. പ്രത്യേക മുറിയിൽ ഫ്രിഡ്ജിലും ഡീപ്പ് ഫ്രീസറിലും സൂക്ഷിക്കും.

കോഴിക്കോട് മെ‌ഡി. കോളേജ് ( 2021 മുതൽ ഇതുവരെ)​

ദാതാക്കൾ - 3893

ശേഖരിച്ചത്- 6,97,670 മി.ലി

പാൽ നൽകിയത് - 1967കുട്ടികൾക്ക്

തൃശൂർ മെഡി. കോളേജ് (2023 ഒക്ടോ. - 2024 ഒക്ടോ. )

ദാതാക്കൾ-1756

ശേഖരിച്ചത്-20,45,937 മി.ലി

പാൽ നൽകിയത്- 1820 കുട്ടികൾക്ക്

പോരായ്‌മകൾ

മുലപ്പാൽ ദാന ബോധവത്കരണം ഇല്ല

പാൽ ദാനം ചെയ്യുന്നവർ കുറവ്

സംഭരണ കേന്ദ്രങ്ങൾ ഇല്ല

'മുലപ്പാൽദാനം, ശേഖരണം, സംഭരണം, പ്രോസസ്സിംഗ്, വിതരണ പ്രക്രിയ എന്നിവയ്ക്കായി കോംപ്രിഹെൻസീവ് ലാക്ടേഷൻ മാനേജ്മെന്റ് സെന്ററു"കൾ മെഡി. കോളേജുകളിലുണ്ട്. ഇതിന്റെ ചെറിയ രൂപമായ ലാക്റ്റേഷണൽ മാനേജ്മെന്റ് യൂണിറ്റുകൾ 'അമ്മയും കുഞ്ഞും ആശുപത്രികളി'ലും ജില്ലാ, താലൂക്ക് ആശുപത്രികളിലും സ്ഥാപിക്കും.മുലപ്പാൽ ബാങ്കുകളുടെ സേവനം മറ്റു ഗവ. പ്രൈവറ്റ് പ്രസവ കേന്ദ്രങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കും. അണുവിമുക്തമാക്കിയ പാൽ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിന് ഏകീകൃത വെബ് പോർട്ടൽ സംവിധാനം ഒരുക്കും".

- വീണ ജോർജ്, ആരോഗ്യമന്ത്രി