jayil
ജി​ല്ലാ​ ​ജ​യി​ലി​ലെ​ ​വ​നി​താ​ബ്ലോ​ക്കി​ന്റെ​ ​ചു​റ്റു​മ​തി​ൽ​ ​നി​ർ​മ്മാ​ണം​ ​ആ​രം​ഭി​ച്ച​പ്പോൾ

കോഴിക്കോട്: ജില്ലയിലെ വനിതാ തടവുകാർ ഇനി അധിക നാൾ മറ്റ് ജയിലുകളിൽ ശ്വാസംമുട്ടി കഴിയേണ്ടി വരില്ല. ഫണ്ടില്ലെന്ന് പറഞ്ഞ് വർഷങ്ങളായി നീണ്ടു പോയ വനിതാ ജയിൽ മതിൽ നിർമ്മാണം പുനരാരംഭിച്ചു. കഴിഞ്ഞ മാസമാണ് മതിലിന്റെ പണി ആരംഭിച്ചത്. ഒന്നരക്കോടിയാണ് നിർമ്മാണ ചെലവ്. മതിലിനായി കോൺക്രീറ്റ് കമ്പികൾ കെട്ടി ഉറപ്പിക്കുന്നതടക്കമുള്ള പ്രാരംഭഘട്ട പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മതിൽ പുനർനിർമ്മിച്ചതിനുശേഷം മാത്രമേ തടവുകാരെ കോഴിക്കോട്ടേക്ക് കൊണ്ടുവരൂ. മതിൽ നിർമ്മാണം അനന്തമായി നീണ്ടത് തടവുകാരുടെ സുരക്ഷയ്ക്ക് അടക്കം ഭീഷണിയായിരുന്നു. ബലക്ഷയത്തെത്തുടർന്ന് വനിതാ സെല്ലിനടുത്തുള്ള മതിലിന്റെ കമ്പിയും സിമന്റും ഇളകി അപകടാവസ്ഥയിലായിരുന്നു. പൊതുമരാമത്ത്‌ വകുപ്പ്‌ റിപ്പോർട്ട്‌ നൽകിയതിന്‌ പിന്നാലെ 2022 ജൂണിൽ ജയിൽ താത്കാലികമായി അടയ്ക്കുകയും കൂടത്തായ് കൊലപാതകക്കേസിലെ ജോളിയടക്കമുള്ള ഒമ്പത് വനിതാ തടവുകാരെ പാലക്കാട്, കണ്ണൂർ, മഞ്ചേരി, മാനന്തവാടി ജയിലുകളിലേക്ക് മാറ്റുകയും ചെയ്തു. ഏതുനിമിഷവും അപകടം സംഭവിക്കാമെന്നതിനാലാണ് തടവുകാരെ മാറ്റിയത്.

പൊലീസിന് ആശ്വാസം

മതിൽ പുതുക്കിപ്പണിയാനുള്ള പദ്ധതികളൊന്നും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകാത്തത് മൂലം തടവുകാരെ മറ്റു ജില്ലകളിൽ നിന്ന് കോഴിക്കോടേക്ക് വിചാരണയ്ക്ക് എത്തിക്കുന്നതിൽ പൊലീസ് സുരക്ഷാഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിനു പുറമെ ഇവരുടെ യാത്രാചെലവും പൊലീസിന് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നു. വിചാരണ നടക്കുമ്പോൾ പ്രധാന കേസുകളിലെ പ്രതികളെ നേരിട്ട് ഹാജരാക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ എസ്കോർട്ടും ആവശ്യമാണ്. ഒരു പ്രതിക്ക് മാത്രമായി ഇത്രയും ദൂരം പൊലീസ് വണ്ടിയും ചുരുങ്ങിയത് രണ്ടോ മൂന്നോ പൊലീസുകാരെയും നിയോഗിക്കേണ്ട അവസ്ഥയാണ്. വനിതാ ജയിൽ പ്രവർത്തനം നിലച്ചതിനാൽ തടവുകാരുടെ ബന്ധുക്കൾക്കും ഏറെദൂരം യാത്രചെയ്യേണ്ടി വരികയാണ്. ആളില്ലാതെ ദീർഘകാലം അടച്ചിട്ടതോടെ സെല്ലുകളും വൃത്തികേടായിത്തുടങ്ങിയിട്ടുണ്ട്.

'' ആറ് മാസം കൊണ്ട് മതിൽ പുനർനിർമിച്ച്‌ ജയിൽ പ്രവർത്തനം പുനരാരംഭിക്കാനാണ്‌ തീരുമാനം ''

ബെെജു കെ.വി, ജില്ലാ ജയിൽ സൂപ്രണ്ട്

ഒന്നരക്കോടി നിർമ്മാണ ചെലവ്

 2022 ജൂണിൽ ജയിൽ താത്കാലികമായി അടച്ചു