കോഴിക്കോട്: വൈശാഖിന്റെ ജീവിതം മാറ്റിമറിച്ച ദിനമാണ് സെപ്തംബർ രണ്ട്. അപകടത്തിൽ വലതുകാൽ നഷ്ടപ്പെട്ട ആ ദുർദിനത്തെ നിറഞ്ഞ ചിരിയോടെ കാണാനാണ് വൈശാഖിന് ഇഷ്ടം! 'ഏതു പ്രതിസന്ധിയെയും ധീരതയോടെ നേരിടാനുള്ള പാഠം. ഒരു രണ്ടാം ജന്മത്തിന്റെ ഓർമ്മ." ഇങ്ങനെയാണ് ഈ 31കാരൻ ആ സംഭവത്തെക്കുറിച്ച് പറയുക. ആ ഓർമ്മയെ കൂടെനിറുത്താനാണ് രണ്ടാം നമ്പർ ജേഴ്സി തിരഞ്ഞെടുത്തത്. 2007 ൽ തന്റെ പതിമൂന്നാം വയസിൽ കോഴിക്കോട് ജില്ല ഫുട്‌ബോൾ ടീമിന്റെ സെലക്ഷനിൽ പങ്കെടുക്കാൻ നടന്നുപോകുമ്പോഴാണ് ബൈക്കിടിച്ച് വലതുകാൽ നഷ്ടമായത്.
ഇന്ത്യയിലാദ്യമായി ഫുട്‌ബോൾ കോച്ചിംഗ് ലൈസൻസ് നേടിയ ആദ്യ ആംമ്പ്യൂട്ടി ഫുട്‌ബോൾ കളിക്കാരനാണ് വൈശാഖ്. മറ്റു കളിക്കാരെപ്പോലെ പരിശീലനം നൽകാൻ സാധിക്കുമെന്ന് ലൈസൻസിംഗ് അതോറിട്ടിക്കു മുന്നിൽ തെളിയിച്ചശേഷമാണ് ലൈസൻസ് ലഭിച്ചത്.
ഇന്ത്യൻ ആമ്പ്യൂട്ടി ഫുട്‌ബോൾ ടീമിന്റെ ക്യാപ്റ്റനാണ് വൈശാഖ്. അന്നുണ്ടായ തീരാനഷ്ടമാണ് ജീവിതത്തിൽ ഇന്നുള്ള എല്ലാ നേട്ടങ്ങൾക്കും സന്തോഷത്തിനും കാരണമായതെന്നാണ് വൈശാഖ് പറയുന്നത്. അപകടശേഷം കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഷ്ടപ്പെട്ടിരുന്നു. കൂട്ടുകാരാണ് വീണ്ടും കളിക്കളത്തിലേക്ക് കൊണ്ടുവന്നത്. ആദ്യം ഇൻഡോർ ഗെയിമുകളും നീന്തലും പഠിച്ചു. പതിയെ ഫുട്‌ബോളിലേക്കും. കൂടുതൽ സമയവും ഫുട്‌ബോൾ കളിച്ചിരുന്നത് സാധാരണ കളിക്കാരുടെ കൂടെയായിരുന്നു. ദേവഗിരി കോളേജിൽ പഠിക്കുന്ന കാലത്ത് അവിടത്തെ ഫുട്‌ബോൾ കോച്ച് വഴിയാണ് അംഗപരിമിതരുടെ (ആമ്പ്യൂട്ടി) ഫുട്‌ബോളിനെക്കുറിച്ച് അറിഞ്ഞതും അതിലേക്കെത്തിയതും. കോഴിക്കോട് പേരാമ്പ്ര സ്വദേശിയാണ്. അദ്ധ്യാപകനായിരുന്ന അച്ഛൻ ശശിധരനും അമ്മ രജനിയുമാണ് എന്നും കരുത്തായത്. ഭാര്യ തീർത്ഥ, മകൾ ചാരുപത്മ.
ഇന്ത്യയെ നയിച്ചു
കെനിയ, ഇറാൻ, ബഹറിൻ എന്നിവിടങ്ങളിൽ നടന്ന രാജ്യാന്തര ആമ്പ്യൂട്ടി ഫുട്‌ബോൾ മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചത് വൈശാഖായിരുന്നു. 2016 ലെ പാരാഒളിമ്പിക്സിലും പങ്കെടുത്തു. കഴിഞ്ഞ ഐ.എസ്.എൽ ഫുട്‌ബോൾ മത്സരസമയത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ അതിഥിയായി അവരുടെ പരിശീലന മത്സരങ്ങളിലും കളിച്ചിരുന്നു.
എസ്.ആർ ദേശീയ ഫുട്‌ബോൾ സ്‌ക്വാഡ് അംഗവും, എ.ഐ.എഫ്.എഫ്.ഡി ലൈസൻസുള്ള ഫുട്‌ബോൾ പരിശീലകനുമാണ്. ട്രക്കിംഗും യാത്രകളുമെല്ലാമാണ് വൈശാഖിന്റെ ഇഷ്ടങ്ങൾ.
'കാൽ നഷ്ടപ്പെട്ട സമയത്ത് എന്നെ ചേർത്തുനിറുത്താൻ കുറേ മനുഷ്യരുണ്ടായിരുന്നു. അവരാണ് എനിക്ക് ശക്തി പകർന്നത്.
-വൈശാഖ്