 
കൊയിലാണ്ടി: നഗരസഭയിലെ വിവിധ പ്രദേശങ്ങളിലെ ജലാശയങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി കുളങ്ങൾ നവീകരിക്കുന്നു. നാണംചിറ, ചെട്ട്യാട്ട് കുളം, നമ്പി വീട്ടിൽ കുളം എന്നിവയുടെ നിർമ്മാണം പുരോഗതിയിലാണ്. ചെട്ടായിട്ട് കുളം നാളെ വൈകിട്ട് മൂന്നിന് കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭയിലെ സ്വകാര്യവ്യക്തികളുടെ ഉടമസ്ഥതയിലായിരുന്ന ഈ കുളങ്ങൾ നഗരസഭയ്ക്ക് വിട്ടു കൊടുത്തതാണ്. അമൃത് 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കുളങ്ങളുടെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. നഗരസഭ പരിധിയിൽ സ്വകാര്യ പൊതുമേഖലകളിൽ നൂറിനടത്ത് കുളങ്ങളുണ്ട്. പലതും നശോന്മുഖമായി കൊണ്ടിരിക്കയാണ്. ഈ പശ്ചാത്തലത്തിൽ അമൃത് പദ്ധതി പ്രകാരം നഗരസഭയിലെ വിവിധ ജലാശങ്ങൾ സംരക്ഷിക്കുന്ന പ്രവർത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കി വരികയാണന്നും അദ്ദേഹം പറഞ്ഞു.