bus
ടൂറിസ്റ്റ് ബസുകളുടെ 'ചെത്ത് ' യാത്ര

കോഴിക്കോട്: കോടതിയുടെയും ഗതാഗത വകുപ്പിന്റെയും കണ്ണ് വെട്ടിച്ച് നിരോധിത ഹോണും ഡിജെയുമായി വീണ്ടും ടൂറിസ്റ്റ് ബസുകളുടെ ചീറിപ്പായൽ. വിനോദ യാത്രകൾ കൂടുതലായി നടക്കുന്ന മാസമായതോടെയാണ് പിള്ളേരെ 'ചാക്കിലിടാൻ' എയർ ഹോണും ഡിജെ ലൈറ്റ് ആൻഡ് സൗണ്ടും ടൂറിസ്റ്റ് ബസുകാർ പൊടിതട്ടിയെടുത്തിരിക്കുന്നത്. റോഡിലെ മറ്റ് വാഹനങ്ങളെ ഗൗനിക്കാതെ ആനന്ദത്തിൽ ആറാടിയാണ് പല ടൂറിസ്റ്റ് ബസുകളുടെയും യാത്ര. മോട്ടോർ വാഹന വകുപ്പാണെങ്കിൽ കണ്ടിട്ടും കാണാത്ത മട്ടിലാണ്. അപകടം ഉണ്ടാകുമ്പോൾ മാത്രമാണ് മോട്ടോർ വാഹന വകുപ്പും പൊലീസും കർശന നടപടികളുമായി രംഗത്തെത്തുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

ഫിറ്റ്നസ് ഇളവുകൾ തണലാക്കി അലങ്കാരപ്പണികൾ

ടൂറിസ്റ്റ് ബസുകളിൽ ഡാൻസിംഗ് ഫ്‌ളോറും അനാവശ്യ ലൈറ്റുകളും സൗണ്ട് സിസ്റ്റവും പാടില്ലെന്നാണ് ഹൈക്കോടതി നിർദ്ദേശം. എന്നാൽ ഇവ പലപ്പോഴും ലംഘിക്കുന്നു. നിരോധിത ഹോണുകളാണ് ഒട്ടുമിക്ക ബസുകളിലും. ഫിറ്റ്നസ് സർട്ടിഫിക്കറ്റിനായി വാഹനങ്ങൾ ഹാജരാക്കുമ്പോൾ ഇവയെല്ലാം അഴിച്ചുവെച്ചാണ് പരിശോധനയ്ക്ക് എത്തിക്കുന്നത്. വിദ്യാർത്ഥികളുമായി വിനോദയാത്രയ്ക്ക് പോകുന്നതിന് മുമ്പ് വാഹനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ ആദ്യ നിർദ്ദേശത്തിലെ ഇളവ് ബസുകാർ മുതലെടുക്കുകയാണ്. പുതിയ ഉത്തരവ് അനുസരിച്ച് ടൂറിസ്റ്റ് ബസുകൾ 30 ദിവസത്തിൽ ഒരിക്കൽ പരിശോധനയ്ക്ക് എത്തിച്ചാൽ മതി. അതിനാൽ ആദ്യം ഫിറ്റ്നസിനെത്തിക്കുന്ന ബസുകൾ പിന്നീട് നിരത്തിലെത്തുന്നത് അലങ്കാരപണികളുമായാണ്.

അതിര് വിട്ട് ആട്ടവും പാട്ടും

ടൂറിസ്റ്റ് ബസുകളിലെ നൃത്തവും ബഹളവും പലപ്പോഴും അതിരുവിടുന്ന അവസ്ഥയാണ്. റോഡിൽ മറ്റ് വാഹനങ്ങൾ ഓടിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കും വിധമാണ് അർമാദം. കണ്ണഞ്ചിപ്പിക്കും ലെെറ്റുമായി രാത്രിയിൽ ബസുകൾ ചീറിപ്പായുന്നത് അപകടങ്ങൾ ക്ഷണിച്ച് വരുത്തുകയാണ്. കണ്ണിൽ തുളച്ചു കയറുന്ന ലെെറ്റുകൾ മൂലം ഇരുചക്രവാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽ പെടുന്നത് നിത്യ സംഭവമായിട്ടുണ്ട്. ബസുകളിൽ ഇത്തരം സജ്ജീകരണങ്ങളില്ലെങ്കിൽ വിനോദയാത്രയ്ക്ക് ഓർഡർ ലഭിക്കില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.

 അലങ്കാരത്തിന് വേണം

1. വാഹനത്തിന് പുറത്തേക്ക് ശബ്ദംകേൾക്കുന്ന വോക്കൽ സ്പീക്കറുകൾ

2. നിരോധിത എയർ ഹോണുകൾ

3. ലേസർ ലെെറ്റുകൾ/ഡി.ജെ ലെെറ്റുകൾ

4.അരോചക ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം

''നിയമങ്ങൾ പാലിക്കാത്ത ഇത്തരം വാഹനങ്ങൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്.

ഡ്രൈവറുടെ ലൈസൻസടക്കം സസ്പെൻഡ് ചെയ്യും''-നസീർ പി.എ, ആർ.ടി.ഒ കോഴിക്കോട്