കോഴിക്കോട്: ഹോട്ടലുടമ തിരൂർ ഏഴൂർ സ്വദേശി സിദ്ദീഖിനെ എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ കൊലപ്പെടുത്തി കഷ്ണണങ്ങളാക്കി ബാഗിൽ ഉപേക്ഷിച്ച കേസിൽ സാക്ഷി വിസ്താരം ഇന്ന് ആരംഭിക്കും. മാറാട് പ്രത്യേക അഡിഷണൽ സെഷൻസ് ജഡ്ജ് കെ.സുരേഷ്‌കുമാർ മുമ്പാകെ ഒന്നു മുതൽ നാല് വരെ സാക്ഷികളുടെ വിസ്താരമാണ് ഇന്ന് നടക്കുക. സിദ്ധീഖിന്റെ മകൻ ഒന്നാം സാക്ഷി ഷഹദ് സാഹിബ്, ഒന്നാം പ്രതിയുടെ സുഹൃത്തും രണ്ടാം സാക്ഷിയുമായ മുഹമ്മദ് റാഷിദ്, രണ്ടാം പ്രതിയുടെ സുഹൃത്തും മൂന്നാം സാക്ഷിയുമായ മിർഷാദ്, സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരനായ നാലാം സാക്ഷി യൂസുഫ് എന്നിവരെയാണ് വിസ്തരിക്കുക. വല്ലപ്പുഴ ആച്ചീൽ തൊടി മുഹമ്മദ് ഷിബിൽ എന്ന ഷിബിലി (23), പാലക്കാട് ചളവറ കൊറ്റുതൊടി ഖദീജത്തുൽ ഫർഹാന (18), പാലക്കാട് വല്ലപ്പുഴ മേച്ചേരി വാലു പറമ്പിൽ മുഹമ്മദ് ആഷിഖ് എന്ന ചിക്കു (26) എന്നിവരാണ് കേസിലെ പ്രതികൾ. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.എൻ ജയകുമാറും മൂന്നാം പ്രതിക്ക് ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ.പി. പീതാംബരനുമാണ് ഹാജരാവുന്നത്. രണ്ടും മൂന്നും പ്രതികൾ സ്വന്തം അഭിഭാഷകനെ വച്ചാണ് കേസ് വാദിക്കുന്നത്.
2023 മേയ് 18 നാണ് മാങ്കാവിലെ ഹോട്ടലുടമായ തിരൂർ സ്വദേശി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയശേഷം മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തിലെ ഒൻപതാം വളവിൽ നിന്ന് കൊക്കയിൽ ഉപേക്ഷിച്ചു. ഹണി ട്രപ്പിൽ കുടുക്കി എരഞ്ഞിപ്പാലത്തെ ലോഡ്ജിലെത്തിച്ചാണ് കൃത്യം നടത്തിയത്. സിദ്ദീഖിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ തിരൂർ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിയുന്നത്. കാണാതായ സിദ്ദീഖിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അന്നേ ദിവസവും തൊട്ടടുത്ത ദിവസങ്ങളിലുമായി രണ്ട് ലക്ഷത്തോളം രൂപ പിൻവലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മകന് സന്ദേശം ലഭിച്ചതോടെയാണ് സംശയമുണ്ടായത്. ഇതോടെ പൊലിസിൽ പരാതി നൽകുകയായിരുന്നു. തിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് നടക്കാവ് പൊലീസ് ഏറ്റെടുക്കുകയായിരുന്നു.