കോഴിക്കോട്: ഫെയ്ഞ്ചൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ജില്ലയിൽ തീവ്ര മഴ. മലയോരത്ത് ഉൾപ്പെടെ ഞായറാഴ്ച ആരംഭിച്ച മഴ ഇന്നലെ മണിക്കൂറുകളോളം കനത്തുപെയ്തു. മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ഇന്നലെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ ഉച്ചവരെയുള്ള സമയങ്ങളിൽ കാര്യമായി മഴ പെയ്തില്ലെങ്കിലും വൈകിട്ടോടെ മാനം ഇരുണ്ട് ശക്തമായി പെയ്തു. മഞ്ഞുവീഴുന്ന ഡിസംബറിൽ അപ്രതീക്ഷിതമായുണ്ടായ മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിലായി. നഗരത്തിൽ മിഠായിത്തെരുവ് , എൽ.ഐ.സി പരിസരം സ്പോർട്സ് കൗൺസിലിന് മുൻവശം എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ കാൽനടയാത്രക്കാർ വലഞ്ഞു. മഴ കനത്തു പെയ്തെങ്കിലും ഇടിമിന്നൽ ഇല്ലാതിരുന്നത് ആശ്വാസമായി. പേരാമ്പ്ര, മുക്കം, താമരശ്ശേരി, തിരുവമ്പാടി തുടങ്ങിയ മലയോല മേഖലകളിൽ രണ്ടുദിവസം മഴ ഉണ്ടാകുമെന്നാണ് സൂചന.
റോഡ് പണി നടക്കുന്ന സ്ഥലങ്ങളിൽ മഴ പ്രയാസമുണ്ടാക്കി. വെങ്ങളം – രാമനാട്ടുകര ദേശീയപാത ആറുവരി നവീകരിക്കുന്നതിന്റെ ഭാഗമായി മലാപ്പറമ്പ് ജംഗ്ഷനിൽ വെഹിക്കിൾ ഓവർപാസിന് അടിത്തറ നിർമ്മിക്കാനെടുത്ത കുഴിയിൽ വെള്ളം നിറഞ്ഞത് പ്രവൃത്തി മന്ദഗതിയിലാക്കി. മഴ പെയ്തെങ്കിലും കാറ്റ് കാര്യമായി വീശാതിരുന്നത് കർഷകർക്ക് ആശ്വാസമായി. വാഴ കർഷകരും മറ്റും ആശങ്കയിലായിരുന്നു. കോഴിക്കോട് ജില്ലയിൽ വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബർ മുതൽ ഇന്നലെ വരെ ജില്ലയിൽ 465.2 മില്ലീ മീറ്റർ മഴ ലഭിച്ചു.
ഇന്നലെ ലഭിച്ച മഴ (മില്ലിമീറ്ററിൽ)
കോഴിക്കോട് 69.5
കുന്ദമംഗലം 10
വിലങ്ങാട് 2
കൊയിലാണ്ടി 8.0
വിനോദ സഞ്ചാരം വേണ്ട
കോഴിക്കോട്: ജില്ലയിൽ തീവ്രമഴ തുടരുന്ന സാഹചര്യത്തിൽ ക്വാറി പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു. ക്വാറികൾക്കു പുറമെ എല്ലാവിധ മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം തുടങ്ങിയവയും ഇനിയൊരു അറിയിപ്പുണ്ടാവുംവരെ നിർത്തിവയ്ക്കണം.
മലയോര പ്രദേശങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ബീച്ചുകൾ, നദീതീരങ്ങൾ തുടങ്ങി ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ചുരം റോഡുകൾ, മലയോര മേഖലകൾ, ഉരുൾപൊട്ടലിന് സാദ്ധ്യതയുള്ള പ്രദേശങ്ങൾ എന്നിവിടങ്ങളിലൂടെ വൈകിട്ട് 7 മണി മുതൽ രാവിലെ 7 മണി വരെ അടിയന്തര ആവശ്യങ്ങൾക്ക് ഒഴികെയുള്ള യാത്രകൾ ഒഴിവാക്കേണ്ടതാണ്.
ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലകളിലും ജാഗ്രതാ നിർദ്ദേശമുണ്ട്. റോഡുകളിലെ അപകടഭീഷണി ഉയർത്തുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിന് പി.ഡബ്ല്യു.ഡി റോഡ്സ് വിഭാഗത്തിനും നിർദ്ദേശം നൽകി. നാഷണൽ ഹൈവേയിൽ പ്രവൃത്തികൾ നടക്കുന്ന ഇടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാവാനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് അവിടങ്ങളിൽ അധിക ജീവനക്കാരെ നിയമിച്ച് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ദേശീയപാത അതോറിറ്റിക്ക് കളക്ടർ നിർദ്ദേശം നൽകി.