
ബേപ്പൂർ: ബേപ്പൂർ മത്സ്യബന്ധന ഹാർബറും പരിസരവും കേന്ദ്രീകരിച്ച് വീണ്ടും മോഷണം. ഞായറാഴ്ച രാത്രി ഹാർബറിനോട് ചേർന്നുള്ള കപ്പൽ പൊളി ശാലയ്ക്ക് മുന്നിൽ നങ്കൂരമിട്ട നാല് വള്ളങ്ങളിൽ നിന്ന് അഞ്ച് എഞ്ചിനുകളും എക്കോ സൗണ്ടറുകൾ, വയർലസ് സെറ്റുകൾ , പെട്രോൾ നിറച്ച ടാങ്കുകൾ, ഒരു ഫൈബർ വള്ളവും മോഷണം പോയി. സെന്റ് ആന്റണി അബ്ഫ്ര മോൾ എന്ന വള്ളമാണ് മോഷണം പോയത്. കോസ്റ്റൽ പൊലീസ് സമീപത്തെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. പത്ത് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ആഴ്ചകളുടെ വ്യത്യാസത്തിൽ ഹാർബറിൽ നിന്ന് യന്ത്രസാമഗ്രികളടക്കം 4 ഫൈബർ വള്ളങ്ങൾ മോഷണം പോയിരുന്നു. ഒരു ഫൈബർ മാത്രം കടലിൽ എഞ്ചിനും യന്ത്രസാമഗ്രികളും മോഷ്ടിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഫൈബർ വള്ളങ്ങളിൽ നിന്നും ബോട്ടുകളിൽ നിന്നും ചെമ്പ് വളയങ്ങളും ബാറ്ററികളും മോഷണം പോയിരുന്നു. ഹാർബറിൽ മോഷണം പെരുകുന്ന സാഹചര്യത്തിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നും അന്വേഷണം ഊർജ്ജിതമാക്കണമെന്നും ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കരിച്ചാലി പ്രേമൻ ആവശ്യപ്പെട്ടു.