uyhu
തെരുവുനായ

കോഴിക്കോട്: കാൽനടയാത്രക്കാരോ, ഇരുചക്രവാഹന യാത്രീകരോ എന്ന വ്യത്യാസമില്ലാതെ രാത്രി നഗരത്തിലെത്തുന്നവരുടെ പേടി സ്വപ്നമായി തെരുവുനായ്ക്കൾ മാറിയിട്ട് ഏറെ നാളായി. രാപ്പകൽ വ്യത്യാസമില്ലാതെ നായ്ക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് മാനാഞ്ചിറയും ബീച്ചും റെയിൽവേ സ്റ്റേഷനും കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡുമെല്ലാം. തെരുവുനായ ശല്യം നഗരത്തിൽ രൂക്ഷമായി തുടരുമ്പോഴും നായ്ക്കളുടെ വന്ധ്യംകരണ കേന്ദ്രങ്ങൾ ഇല്ലെന്നതാണ് വലിയ പ്രതിസന്ധി. ഇതിന് ഉടൻ പരിഹാരമാവുകയാണ്. ഓരോ ബ്ലോക്ക് പഞ്ചായത്തിനു കീഴിലും ഒരു എ.ബി.സി സെന്റർ സ്ഥാപിക്കാനാണ് ജില്ലാ പഞ്ചായത്ത് തീരുമാനിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ പേരാമ്പ്രയിലും കുന്നുമ്മലിലുമാണ് എ.ബി.സി സെന്ററുകൾ സ്ഥാപിക്കുന്നത്.നിലവിൽ ജില്ലയിൽ രണ്ട് എ.ബി.സി കേന്ദ്രങ്ങളാണുള്ളത്. പൂളാടിക്കുന്നിൽ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്നതും മൃഗസംരക്ഷണ വകുപ്പിനുകീഴിൽ ബാലുശേരിയിൽ പ്രവർത്തിക്കുന്നതും. ഇവിടെ ദിനം പ്രതി 10 മുതൽ 12 വരെ വന്ധ്യംകരണ ശസ്ത്രക്രിയകളാണ് നടക്കുന്നത്. ശസ്ത്രക്രിയ പൂർത്തിയാക്കി നാലുമുതൽ അഞ്ചു ദിവസത്തിനുള്ളിൽ നായയെ പിടിച്ച സ്ഥലത്തിന്റെ ആറ് കിലോമീറ്റർ ചുറ്റളവിൽ അതിനെ തിരിച്ചു കൊണ്ടുവിടുകയാണ് പതിവ്.


ഒരു വർഷത്തിനകം പൂർണ സജ്ജമാകും

നിലവിൽ പേരാമ്പ്ര പഞ്ചായത്തിൽ ഒരു എ.ബി.സി സെന്ററിന്റെ പണി പുരോഗമിക്കുന്നുണ്ട്. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിലെ കായക്കൊടിയിലും എ.ബി.സി സെന്ററിനായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഒരു വർഷത്തിനുള്ളിൽ ഇവ പൂർണ സജ്ജമാവും. ദിനം പ്രതി 15 നായ്ക്കളെ വരെ വന്ധ്യംകരിക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുങ്ങുന്നത്.


'എല്ലാ ബ്ലോക്ക് പഞ്ചായത്തിലും എ.ബി.സി സെന്ററുകൾ സ്ഥാപിക്കാനാണ് ജില്ലാ പഞ്ചായത്ത് ശ്രമിക്കുന്നത്. എന്നാൽ പലയിടത്തും പഞ്ചായത്തിനു കീഴിൽ സ്ഥലമില്ലാത്തതാണ് പ്രതിസന്ധി. സ്ഥലം കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്. പ്രദേശവാസികളുടെ സഹകരണവും ഇക്കാര്യത്തിൽ ആവശ്യമാണ് '
- വി.പി ജമീല, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, കോഴിക്കോട് ജില്ലാ പഞ്ചായത്ത്)

' ജില്ലയിൽ നിലവിലുള്ള രണ്ട് എ.ബി.സി കേന്ദ്രങ്ങളും പൂർണ സജ്ജമാണ്. ആവശ്യത്തിന് ജീവനക്കാരും ഈ കേന്ദ്രങ്ങളിലുണ്ട്. ദിനം പ്രതി 10-12 നായ്ക്കളെയാണ് ഇവിടെ വന്ധ്യംകരിക്കുന്നത്. കൂടുതൽ സെന്ററുകൾ സ്ഥാപിക്കേണ്ടത് നിലവിൽ വളരെ ആവശ്യമാണ് '
ഡോ. ഗീത, ജില്ലാ വെറ്ററിനറി ഓഫീസർ