thusharagiri-
തുഷാരഗിരി

10 വർഷം മുൻപ് ട്രെക്കിങ് അവസാനിപ്പിച്ചിരുന്നു

കോഴിക്കോട്: സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കോഴിക്കോട്ടെ തുഷാരഗിരിയിലെ തേൻപാറയിൽ ട്രെക്കിങ് പുനരാരംഭിച്ചു. ഡിസംബർ ഒന്ന് മുതലാണ് ട്രെക്കിങ് പുനരാരംഭിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ റെഡ് അലർട്ട് ആയിരുന്നതിനാൽ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് പ്രവേശനമില്ലായിരുന്നു. ഇതുവരെ തുഷാരഗിരിയിലെ നൂറ്റിപ്പത്ത് എന്നറിയപ്പെടുന്ന ആദ്യത്തെ വെള്ളച്ചാട്ടം വരെയാണ് സഞ്ചാരികളെ അനുവദിച്ചിരുന്നത്. അപകടങ്ങൾ പതിവായതോടെ 10 വർഷം മുൻപാണ് തുഷാരഗിരി തേൻപാറയിൽ വനം വകുപ്പ് ഇടപെട്ട് ട്രെക്കിങ് അവസാനിപ്പിച്ചത്. മാവോയിസ്റ്റ് പ്രവർത്തനവുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളും തേൻപാറയിലേക്കുള്ള ട്രെക്കിംഗ് നിർത്തിവക്കാൻ കാരണമായിരുന്നു. കഴിഞ്ഞ എട്ട് വർഷമായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം അനുവദിച്ചിരുന്നത്.

ദേ ഇവിടെ

കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. ഇരുവഞ്ഞിപ്പുഴ, ചാലിപ്പുഴ എന്നിവയും കോടഞ്ചേരി പഞ്ചായത്തിന്റെ കിഴക്കൻ പ്രദേശത്തെ നിത്യഹരിത വനമേഖലയും അവിടുത്തെ വെള്ളച്ചാട്ടങ്ങളും ചേരുന്നതാണ് തുഷാരഗിരി ഇക്കോടൂറിസം മേഖല. തുഷാരഗിരിയോടൊപ്പം കക്കാടംപൊയിൽ, പൂവാറംതോട് എന്നിവിടങ്ങളിലേക്കും സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികളും വനം വകുപ്പും, ടൂറിസം വകുപ്പും സംയുക്തമായി തയ്യാറാക്കുന്നുണ്ടെന്നും കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി പറഞ്ഞു.

പ്രവേശനം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ച്

സഞ്ചാരികളുടെ പൂർണ സുരക്ഷ ഉറപ്പുവരുത്തിയാണ് ഇവിടെ പ്രവേശനം അനുവദിക്കുക. നിരോധിതമേഖലകളിലേക്ക് സഞ്ചാരികൾ കടക്കുന്നത് തടയാനായി ബാരിക്കേഡുകളും കൈവരികളും സൂചനാ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.

മുൻകൂട്ടി ബുക്ക് ചെയ്ത 1020 പേർക്ക് ഒരേ സമയം ട്രക്കിങ്ങ് നടത്താം

ഒരു ഗൈഡും ട്രെക്കിങ് സംഘത്തിന്റെ കൂടെ ഉണ്ടാവും.

വനം വകുപ്പിന്റെ കീഴിലുള്ള തുഷാരഗിരി വനസംരക്ഷണ സമിതി വഴിയാണ് ബുക്കിങ്.

കാലാവസ്ഥാ മുന്നറിയിപ്പുകൾ ഉള്ള സമയത്ത് ട്രെക്കിങ് അനുവദിക്കില്ല.

സഞ്ചാരികളുടെയും നാട്ടുകാരുടെയും ഏറെക്കാലത്തെ ആവശ്യമായിരുന്നു തുഷാരഗിരിയിൽ ട്രെക്കിങ് പുനരാരംഭിക്കുക എന്നത്. തുഷാരഗിരിയെ മികച്ച ടൂറിസം ഹബ്ബാക്കാനാണ് പഞ്ചായത്തിന്റെയും ശ്രമം.

അലക്‌സ് തോമസ് ചെമ്പകശ്ശേരി,കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ്